ലൈംഗികാതിക്രമ കേസ്: സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
text_fieldsബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനക്കേസിൽ അറസ്റ്റിലായ ജെ.ഡി.എസ് നിയമസഭാംഗം സൂരജ് രേവണ്ണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലൈ ഒന്നുവരെ ക്രമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന്റെ (സി.ഐ.ഡി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ സഹോദരനാണ് സൂരജ്.
പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി അർക്കൽഗുഡ് സ്വദേശിയായ 27കാരൻ നൽകിയ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ജെ.ഡി-.എസ് പ്രവർത്തകനായ യുവാവ് സ്വകാര്യ ചാനലിലൂടെ ആരോപണമുന്നയിക്കുകയും പിന്നീട് പരാതി നൽകുകയുമായിരുന്നു. ഐ.പി.സി 377, 342, 506, 34 വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. ജൂൺ 16ന് ഹൊളെ നരസിപൂരിലെ സൂരജിന്റെ ഫാം ഹൗസിൽവെച്ച്, തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പീഡന വിവരം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
അതേസമയം, പരാതി അടിസ്ഥാന രഹിതമാണെന്ന് സൂരജ് രേവണ്ണ പ്രതികരിച്ചു. പരാതിക്കാരനെതിരെ മറുപരാതി നൽകിയിട്ടുണ്ടെന്നും സത്യം വൈകാതെ പുറത്തുവരുമെന്നും സൂരജ് പറഞ്ഞു. അഞ്ചുകോടി ആവശ്യപ്പെട്ട് പരാതിക്കാരനും ബന്ധുവും ഭീഷണിപ്പെടുത്തിയെന്നും പണം നൽകിയില്ലെങ്കിൽ പീഡന പരാതി നൽകുമെന്ന് പറഞ്ഞതായും സൂരജിന്റെ സുഹൃത്ത് ശിവകുമാർ പരാതി നൽകിയിട്ടുണ്ട്.
ഹൊളെ നരസിപൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനും ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മരുമകനുമാണ് സൂരജ് രേവണ്ണ. പ്രജ്വൽ രേവണ്ണയുടെ പീഡനത്തിനിരയായ യുവതിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളാണ് എച്ച്.ഡി. രേവണ്ണയും ഭാര്യ ഭവാനി രേവണ്ണയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.