അപ്പീൽ തള്ളി; രാഹുലിന്റെ അയോഗ്യത തുടരും
text_fieldsന്യൂഡൽഹി: അപകീർത്തി കേസിലെ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അപ്പീൽ സൂറത്ത് അഡീഷനൽ സെഷൻസ് കോടതി തള്ളി. എം.പി സ്ഥാനത്തിന് അയോഗ്യനാക്കിയ തീരുമാനം ഈ സാഹചര്യത്തിൽ തുടർന്നും നിലനിൽക്കും.
രാഹുലിനെ രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വിധി സ്റ്റേ ചെയ്യാൻ മതിയായ ഒരു കാരണവുമില്ലെന്നാണ് അഡീഷനൽ സെഷൻസ് ജഡ്ജി റോബിൻ പി. മൊഗേര നിരീക്ഷിച്ചത്. സ്റ്റേ അനുവദിക്കണമെങ്കിൽ, അതിനുതക്ക അസാധാരണ സാഹചര്യമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെടണം. പ്രഥമദൃഷ്ട്യാ അപ്പീൽ നിലനിൽക്കുന്നുവെന്നോ, പരാതിക്കാരന് അപരിഹാര്യമായ നഷ്ടമുണ്ടാക്കുന്നുവെന്നോ കാണുമ്പോഴാണ് സ്റ്റേ. അത് കോടതിയെ ബോധ്യപ്പെടുത്താൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ല.
ശിക്ഷ സ്റ്റേ ചെയ്താൽ നീതിപീഠ വിശ്വാസ്യതക്കു തന്നെ ഇളക്കം തട്ടും. സ്റ്റേ അനുവദിക്കുന്നത് യാന്ത്രികമാകരുതെന്നും അങ്ങേയറ്റം സൂക്ഷ്മത കാണിക്കണമെന്നും സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അപകീർത്തികരമായ പ്രസംഗം ആര് നടത്തിയാലും തെറ്റു തന്നെ. ഇക്കാര്യത്തിൽ എം.പി-എം.എൽ.എമാർക്ക് സാധാരണ പൗരനെന്നതിനേക്കാൾ പ്രത്യേക പരിഗണന നൽകാനാവില്ല. അപകീർത്തി കേസുമായി കോടതിയെ സമീപിച്ചയാളുടെയും ആ സമൂഹത്തിന്റെയും മനോവേദനയാണ് കണക്കിലെടുക്കേണ്ടത്.
സ്റ്റേ അനുവദിക്കാത്തതുവഴി എം.പി സ്ഥാനമോ മത്സരിക്കാനുള്ള യോഗ്യതയോ നഷ്ടപ്പെടുന്നത്, പരിഹരിക്കാനാവാത്ത നഷ്ടമായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ല. എം.പിയും രാജ്യത്തെ രണ്ടാമത്തെ വലിയ കക്ഷിയുടെ നേതാവുമായ രാഹുൽ ഗാന്ധി വാക്കുകളിൽ സൂക്ഷ്മത പാലിക്കണമായിരുന്നു.
ഇത്തരമൊരു പദവി വഹിക്കുന്നയാൾ പറയുന്ന വാക്കുകൾ ജനമനസ്സിൽ സ്വാധീനം ചെലുത്തും. സമൂഹമധ്യത്തിൽ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ചില പരാമർശങ്ങൾ നടത്തുക മാത്രമല്ല, പേരിൽ ‘മോദി’യുള്ളവരെയാകെ കള്ളന്മാരോട് ഉപമിക്കുകയാണ് രാഹുൽ ചെയ്തതെന്ന് വിധിന്യായത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.