എസ്.പി സഖ്യത്തിൽനിന്ന് മായാവതി തന്ത്രപൂർവം പിൻവാങ്ങുന്നു
text_fieldsലഖ്നോ: യു.പിയിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായി രംഗത്തുണ്ടാകില്ലെന്ന് ബഹുജൻ സമാജ്വാദി പാർട്ടി(ബി.എസ്.പി) നേതാവ് മായാവതി. കെയ്രാന ലോക്സഭ മണ്ഡലത്തിലും നൂർപുർ നിയമസഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്. ഗോരഖ്പുർ, ഫുൽപുർ ഉപതെരഞ്ഞെടുപ്പുകളിലെ വിജയം ആവർത്തിക്കാമെന്ന സമാജ്വാദി പാർട്ടിയുടെ(എസ്.പി) പ്രതീക്ഷക്ക് മായാവതിയുടെ പ്രസ്താവന കനത്ത തിരിച്ചടിയായി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എസ്.പിയുമായി സഖ്യമുണ്ടാകില്ല എന്ന സൂചനയാണ് മായാവതി നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
പാർട്ടി ജില്ല, മേഖല കോഒാഡിനേറ്റർമാരുമായുള്ള ചർച്ചക്കുശേഷം ഇറക്കിയ പ്രസ്താവനയിലാണ് മായാവതി ഉപതെരഞ്ഞെടുപ്പുകളിൽ സജീവമാകില്ലെന്നറിയിച്ചത്. അതേസമയം, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരുന്നത് തടയാൻ ബി.എസ്.പിയും എസ്.പിയും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ യോജിച്ച് പ്രവർത്തിക്കണമെന്ന് മായാവതി യോഗത്തിൽ ആവശ്യപ്പെട്ടു.
കെയ്രാന ഉപതെരഞ്ഞെടുപ്പിൽനിന്ന് പിന്മാറുമെന്ന പ്രഖ്യാപനം മായാവതിയുടെ തന്ത്രപരമായ നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മുൻ എം.പി ജയന്ത് ചൗധരിയെയാണ് രാഷ്ട്രീയ ജനതാദൾ കെയ്രാനയിൽ മത്സരിപ്പിക്കാനൊരുങ്ങുന്നത്.
ബി.എസ്.പി എസ്.പിയുമായി ധാരണയുണ്ടാക്കിയാൽ അത് ജാട്ട് സമൂഹത്തെ പാർട്ടിയിൽനിന്ന് അകറ്റുമെന്ന് മായാവതി ഭയക്കുന്നു. ബി.എസ്.പി ആർ.എൽ.ഡിയെ പിന്തുണച്ചാൽ അത് മുസ്ലിം വോട്ടും ഭിന്നിപ്പിക്കും. അതുകൊണ്ട്, ഇരുപാർട്ടികൾക്കും പിന്തുണ നൽകാതെ മാറിനിൽക്കുകയാണ് മെച്ചം എന്ന് മായാവതി കരുതുന്നു.
ഇൗയിടെ രാജ്യസഭ തെരഞ്ഞെടുപ്പിൽ എസ്.പിയുടെ പിന്തുണയുണ്ടായിട്ടും ബി.എസ്.പി സ്ഥാനാർഥിക്ക് ജയിക്കാനായിരുന്നില്ല. എങ്കിലും ഇരുപാർട്ടികളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.