സ്റ്റാൻ സ്വാമിക്കൊപ്പം അറസ്റ്റിലായ സുരേന്ദ്ര ഗാഡ്‌ലിങ്ങിനെതിരായ സൈബർ തെളിവുകൾ കെട്ടിച്ചമച്ചതെന്ന്
text_fieldsന്യൂഡൽഹി: സ്റ്റാൻ സ്വാമിയുടെ മരണത്തിന് ഒരു ദിവസത്തിനുശേഷം, അദ്ദേഹത്തിനൊപ്പം ഭീമ കൊറേഗാവ് കേസിൽ അറസ്റ്റിലായി ഇപ്പോഴും തടവിൽ കഴിയുന്ന സുരേന്ദ്ര ഗാഡ്‌ലിങ്ങിനെതിരായ സൈബർ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന റിപ്പോർട്ടുമായി അമേരിക്കൻ ഫോറൻസിക് ഏജൻസി. അറസ്റ്റിലാകുന്നതിന് രണ്ട് വർഷം മുമ്പ് സുരേന്ദ്ര ഗാഡ്‌ലിങ്ങിെൻറ കമ്പ്യൂട്ടർ ഹാക്ക് ചെയ്യപ്പെട്ടിരുന്നെന്നും ചില രേഖകൾ നിക്ഷേപിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്. ഇതോടെ, സ്റ്റാൻ സ്വാമിയുടെ കമ്പ്യൂട്ടറും ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാവാമെന്ന സംശയമാണ് ബലപ്പെടുന്നത്.
മസാച്ചുസെറ്റ്സ് ആസ്ഥാനമായ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആഴ്സണൽ കൺസൾട്ടിങ് നടത്തിയ ഫോറൻസിക് അന്വേഷണം ആദ്യം എൻ.ഡി.ടി.വിയും വാഷിങ്ടൺ പോസ്റ്റുമാണ് പുറത്തുവിട്ടത്. സൈബർ തെളിവുകൾ എന്ന പേരിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ ഇ-മെയിലുകളുടെ ആധികാരികതയാണ് അമേരിക്കൻ ഡിജിറ്റൽ ഫോറൻസിക് വിദഗ്‌ധർ ചോദ്യം ചെയ്തിരിക്കുന്നത്.
സ്റ്റാൻ സ്വാമിക്കൊപ്പം അറസ്റ്റിലായവരിലൊരാളാണ് അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‌ലിങ്ങും. തങ്ങൾക്കെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന് മരണം വരെ സ്റ്റാൻ സ്വാമി വാദിച്ചിരുന്നു. കേസിൽ കസ്റ്റഡിയിലുള്ള 16 മനുഷ്യാവകാശ പ്രവർത്തകർ, അഭിഭാഷകർ, അക്കാദമിക് വിദഗ്ധർ എന്നിവരിൽ അറസ്റ്റിലായ ആദ്യ വ്യക്തികളിൽ ഒരാളാണ് ഗാഡ്‌ലിങ്.
സുരേന്ദ്ര ഗാഡ്‌ലിങ് 2019ൽ പുണെ കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ തനിക്കെതിരെ അന്വേഷണ ഏജൻസികൾ സമർപ്പിച്ച ഇ-മെയിൽ തെളിവുകളുടെ വിശ്വാസ്യത ചോദ്യം ചെയ്‌തിരുന്നു. സുരേന്ദ്ര ഗാഡ്‌ലിങ്ങിൻെറ കമ്പ്യൂട്ടറിൽനിന്ന് പിടിച്ചെടുത്തെന്ന പേരിലാണ് ഇ-മെയിൽരേഖകൾ അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയത്.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായ ഡിജിറ്റൽ ഫോറൻസിക് കമ്പനിയായ ആഴ്സണൽ കൺസൾട്ടിങ് നടത്തിയ ഫോറൻസിക് അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.