റെയിൽവേ ടിക്കറ്റ് വരുമാനത്തിൽ കുതിച്ചുകയറ്റം
text_fieldsപാലക്കാട്: ഇളവുകൾ എടുത്തുകളയുകയും ചില ദീർഘദൂര ട്രെയിനുകൾക്ക് ഡൈനാമിക് പ്രൈസിങ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്തതോടെ റെയിൽവേയുടെ ടിക്കറ്റ് വരുമാനത്തിൽ കുതിച്ചുകയറ്റം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ എട്ട് മാസങ്ങളിൽ ടിക്കറ്റ് വരുമാനം 76 ശതമാനം ഉയർന്നതായി റിപ്പോർട്ട്. ടാർഗറ്റിനേക്കാൾ കൂടുതല്‍ വരുമാനം ഇക്കാലയളവിൽ യാത്രക്കാരുടെ ടിക്കറ്റ് നിരക്കില്‍നിന്ന് ലഭിച്ചതായാണ് കണക്കുകള്‍.
ട്രെയിൻ ഗതാഗതം കോവിഡിനുമുമ്പുള്ള സ്ഥിതിയിലേക്ക് ഏറക്കുറെ എത്തിയതും വരുമാന വർധനക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2016 മുതൽ പ്രീമിയം ട്രെയിനുകളിൽ നടപ്പാക്കിയ ഡൈനാമിക് ഫെയർ പ്രൈസിങ് സംവിധാനം വരുമാന വർധനയിൽ മുഖ്യഘടകമായതായി റെയില്‍വേ വ്യക്തമാക്കുന്നു.ബർത്തുകളുടെ ലഭ്യത അനുസരിച്ച് ടിക്കറ്റ് നിരക്കുകൾ മാറുന്നതാണ് ഡൈനാമിക് ഫെയർ പ്രൈസിങ് സംവിധാനം. ബുക്ക് ചെയ്യുന്ന ഓരോ 10 ശതമാനം സീറ്റിനും ആനുപാതികമായി അടിസ്ഥാന നിരക്കിൽ വർധനയുണ്ടാകും.
രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ ട്രെയിനുകളിലാണ് ഇത് നടപ്പാക്കിയത്. ടിക്കറ്റ് വരുമാനത്തിന്റെ ഭൂരിഭാഗവും ദീർഘദൂര ട്രെയിനുകളിൽനിന്നാണ് ലഭിക്കുന്നത്.കോവിഡിനുശേഷം എക്സ്പ്രസ് നിരക്ക് ഈടാക്കിയിട്ടും പാസഞ്ചർ സർവിസുകള്‍ ഭൂരിഭാഗവും ഇപ്പോഴും നഷ്ടത്തിലാണെന്നാണ് റെയിൽവേയുടെ വാദം.
കോവിഡ് കാലത്ത് പിൻവലിച്ച യാത്ര ഇളവുകൾ പുനഃസ്ഥാപിക്കപ്പെടാത്തതും ടിക്കറ്റ് വരുമാനത്തിൽ വർധനക്ക് കാരണമായതായി ചൂണ്ടിക്കാട്ടപ്പെടുന്നു. 2022-2023 സാമ്പത്തിക വർഷത്തിൽ 58,500 കോടിയാണ് റെയില്‍വേ ടിക്കറ്റ് വരുമാനത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത്. 2021-2022 സാമ്പത്തിക വര്‍ഷത്തില്‍ റെയിൽവേക്ക് യാത്രക്കാരില്‍നിന്ന് ലഭിച്ച വരുമാനം 39,104 കോടിയായിരുന്നു. കഴിഞ്ഞ എട്ടുമാസത്തിൽ ലഭിച്ച വരുമാനം 43,324 കോടി രൂപയും.
ഏപ്രിൽ മുതൽ നവംബർ വരെയുള്ള മാസങ്ങളിൽ റിസർവ് ചെയ്യാത്ത യാത്രക്കാരുടെ വിഭാഗത്തിൽനിന്നുള്ള വരുമാനത്തിലും കുതിച്ചുകയറ്റമുണ്ട്. മുൻ വർഷം ഈ വിഭാഗത്തിൽനിന്നുള്ള വരുമാനം 1,728 കോടി രൂപയായിരുന്നപ്പോൾ ഈ വര്‍ഷം ഇത് 9,021 കോടി രൂപയായി വർധിച്ചു.റിസർവ്ഡ് പാസഞ്ചർ വിഭാഗത്തില്‍ കഴിഞ്ഞ എട്ടുമാസ കാലയളവിൽ ഏകദേശം 536.5 ദശലക്ഷം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തതായി റെയിൽവേ പറയുന്നു. ഇതില്‍ മാത്രം 10 ശതമാനം വാർഷിക വർധന ഉണ്ടായതായി റെയില്‍വേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.