'അംബേദ്കറുടെ വിശ്വാസങ്ങൾ യാഥാർഥ്യമാക്കുന്നതിന് നന്ദി'; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും
text_fieldsചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ അഭിനന്ദിച്ച് നടൻ സൂര്യയും ഭാര്യ ജ്യോതികയും. നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്ക് കഴിഞ്ഞ ദിവസം സ്റ്റാലിൻ പട്ടയവും ജാതി സർട്ടിഫിക്കറ്റും വിതരണം ചെയ്തിരുന്നു. ഇതാണ് താരങ്ങളുടെ മനസുനിറച്ചത്. മുഖ്യമന്ത്രി നൽകിയത് വെറും പട്ടയമല്ല, വലിയ പ്രതീക്ഷയാണെന്ന് സൂര്യ ട്വിറ്ററിൽ കുറിച്ചു. കാലാകാലങ്ങളായി തുടരുന്ന ഗോത്രവർഗക്കാരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണെന്നും സൂര്യ എഴുതി.
ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിന് തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുന്ന വ്യക്തിയാണ് സ്റ്റാലിനെന്ന് ജ്യോതിക പ്രതികരിച്ചു. 'എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണിത്. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങൾ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്നങ്ങൾ കഴിയുന്ന രീതിയിൽ പരിഹരിച്ചും നടപടികൾ വേഗത്തിലെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചു. വിദ്യാഭ്യാസ രംഗത്ത് സംഭവിച്ച ഗുണകരമായ മാറ്റങ്ങൾ 16 വർഷത്തിനിടയ്ക്ക് അനുഭവിക്കാൻ സാധിച്ചിട്ടില്ല. ഇരുളർക്കും കുറവർക്കും ജാതി സർട്ടിഫിക്കറ്റും പട്ടയവും നൽകിയതും മറ്റു ഇളവുകൾ അനുവദിച്ചതും വലിയ പ്രതീക്ഷയാണ്. വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിന്റെ വിശ്വാസം യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി'- ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു ജ്യോതികയുടെ പ്രതികരണം.
നേരത്തെ, ഇരുള ഗോത്രവിഭാഗക്കാരുടെ ഉന്നമനത്തിനായി സൂര്യയും ജ്യോതികയും ഒരു കോടി രൂപ സംഭാവന നൽകിയിരുന്നു. സൂര്യ നായകനായെത്തിയ പുതിയ ചിത്രം ജയ് ഭീമിന്റെ റിലീസിന് മുന്നോടിയായാണ് ഒരു കോടിയുടെ ചെക്ക് താരങ്ങൾ തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കൈമാറിയത്. ജാതിവിവേചനത്തെ തുടര്‍ന്ന് അന്നദാനത്തിനിടെ ക്ഷേത്രത്തില്‍ നിന്നിറക്കിവിട്ട നരിക്കുറവര്‍ വിഭാഗത്തിലെ അശ്വനിയുടെ വീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്.
ടി.ജെ. ജ്ഞാനവേലിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ 'ജയ് ഭീം' എന്ന സിനിമ ജാതിരാഷ്ട്രീയം സംബന്ധച്ച് കൂടുല്‍ ചര്‍ച്ചതള്‍ക്ക് വഴിയൊരുക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പുതിയ നടപടികൾ. 'ജയ് ഭീം' സിനിമ തനിക്ക് ഒരുപാട് പ്രചോദനമായതായി സ്റ്റാലിന്‍ പറഞ്ഞിരുന്നു. നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ ആദിവാസി വിഭാഗങ്ങൾക്കായി നടത്താനും തമിഴ്‌നാട് മുഖ്യമന്ത്രി ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.