റീൽ ലൈഫിലല്ല, റിയൽ ലൈഫിലെ ചന്ദ്രുവാണ് യഥാർഥ ഹീറോ
text_fieldsജനാധിപത്യ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്ന വംശവെറിയുടെയും അനീതിയുടെയും ഉള്ളുലക്കുന്ന കാഴ്ചകളാണ് 'ജയ് ഭീം' എന്ന സിനിമ മുന്നോട്ട് വെക്കുന്നത്. നീറിപ്പുകയുന്ന മുറിവുകളാണ് നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന 'ജയ് ഭീം' ഓരോ കാഴ്ചക്കാരനും സമ്മാനിക്കുക. പിന്നാക്ക വിഭാഗങ്ങൾ ഇപ്പോഴും നേരിടുന്ന പൊലീസ് വേട്ടകളുടെയും നീതി തേടിയുള്ള ആ ജനതയുടെ പോരാട്ടത്തിന്‍റെയും ജീവിതമാണ് സിനിമ പറയുന്നത്.
സിനിമയിൽ സൂര്യ അവതരിപ്പിച്ച 'ചന്ദ്രു'വെന്ന അഭിഭാഷകന്‍റെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച െചയ്യപ്പെട്ടതും. അത്തരമൊരു ചർച്ചക്ക് കാരണം, ആ കഥാപാത്രം ഇവിടെ ജീവിച്ചിരുന്നു എന്നത് കൂടി കാരണമാണ്. ആരാണ് സിനിമക്ക് പുറത്തെ ആ ചന്ദ്രു. മദ്രാസ് ഹൈേകാടതിയിലെ റിട്ട. ജസ്റ്റിസ് കെ. ചന്ദ്രുവിന്‍റെ ജീവിതം കൂടിയാണ് ജയ് ഭീം. അദ്ദേഹം എഴുതിയ 'Listen to My Case! When Women Approach the Court' എന്ന പുസ്തകമാണ് ആ സിനിമയുടെ പിറവിക്ക് പിന്നിൽ. അദ്ദേഹത്തിന്‍റെ നിയമ-ജീവിതാനുഭവങ്ങളാണ് സിനിമയുടെ ആത്മാവ്.
ഇടതുപക്ഷ പ്രവർത്തകനായിരുന്ന ചന്ദ്രു അഭിഭാഷക കുപ്പായമണിഞ്ഞത് തന്നെ നീതിക്ക് വേണ്ടി നിലകൊള്ളാനായിരുന്നു. പ്രത്യേകിച്ച് നിസഹായരായ അടിസ്ഥാന വർഗത്തിന്‍റെ ശബ്ദമാവുകയായിരുന്നു കോടതി മുറികളിൽ ആ മനുഷ്യൻ. മനുഷ്യാവകാശ പ്രശ്നങ്ങൾക്കൊപ്പം ജാതി വിവേചനങ്ങൾക്കെതിരേയും അദ്ദേഹം നിയമം കൊണ്ട് പോരാടി. അസാധാരണമായ ജീവിതമായിരുന്നു ആ മനുഷ്യൻ നയിച്ചത്.
2006ൽ മദ്രാസ് ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ട അദ്ദേഹം, 2009ൽ സ്ഥിരം ജഡ്ജിയായി. 2013ൽ മദ്രാസ് ഹൈകോടതിയിൽ നിന്നും വിരമിക്കുന്നതിനിടയിൽ 96,000 കേസുകളാണ് തീർപ്പാക്കിയത്. ഒരു ദിവസം 75 കേസുകൾ വരെ കേട്ടിരുന്നു അദ്ദേഹം. രാജ്യത്ത് വലിയ ചർച്ചയായ ചരിത്രപരമായ പല വിധികളും അദ്ദേഹം പ്രസ്താവിച്ചു. സ്ത്രീകൾക്കും ക്ഷേത്രങ്ങളിൽ പൂജാരികളാകാം, പൊതുശ്മശാനങ്ങളിൽ ജാതി പരിഗണന പാടില്ല തുടങ്ങിയവയായിരുന്നു അദ്ദേഹം പുറപ്പെടുവിച്ച വിധികളിൽ ചിലത്.
അത് മാത്രമല്ല അധികാര കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന അധികാര ചിഹ്നങ്ങളെ അദ്ദേഹം തുറന്നെതിർക്കുകയും ഒൗദ്യോഗിക ജീവിതത്തിൽ നിന്ന് അവയെ പടിക്ക് പുറത്ത് നിർത്തുകയും ചെയ്തു. കോടതിയിൽ 'മൈ ലോർഡ്' എന്ന് അഭിസംബോധന വിലക്കിയ അദ്ദേഹം, ചേംബറിലേക്ക് കടന്നു വരുമ്പോൾ ദഫേദാർ അധികാരത്തിന്‍റെ ദണ്ഡുമായി അകമ്പടി സേവിക്കുന്ന ആചാരവും ഒഴിവാക്കി. സുരക്ഷയ്ക്കായി നൽകിയ ഗൺമാനെ അദ്ദേഹം വേണ്ടെന്ന് വെച്ചു, കാറിൽ ചുവന്ന ബീക്കൺ ലൈറ്റ് ഒഴിവാക്കി, വീട്ടിൽ സേവകരെ നിയമിക്കാനും തയാറായില്ല.
ഇതുമാത്രമല്ല, ഔദ്യോഗിക ജീവിതമവസാനിപ്പിച്ചതും പുതിയ ചരിത്രമായിരുന്നു. ചീഫ് ജസ്റ്റിസിന്റെ ചേംബറിൽ നടക്കുന്ന യാത്രയപ്പും ഗ്രൂപ്പ് ഫോട്ടോയും ചായസത്കാരവും നടത്താൻ ഉത്തരവിടരുതെന്ന് ആവശ്യപ്പെട്ട് ഒരു കത്ത് നൽകി. അവസാനത്തെ പ്രവൃത്തി ദിവസം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തിയ രേഖ കൈമാറിയ അദ്ദേഹം, ഔദ്യോഗിക വാഹനവും തിരിച്ചേൽപ്പിച്ച ശേഷം ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങിയത്. ചരിത്രത്തിൽ നീതിയുടെ പക്ഷത്തായിരുന്നു ആ മനുഷ്യൻ നിലെകാണ്ടിരുന്ന. ആ ജീവിതമാണ് 'ജയ് ഭീം' പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.