തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സർവേ ഫലം
text_fieldsഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി പ്രീപോൾ സർവേ ഫലങ്ങൾ. തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പ് 30ന് നടക്കാനിരിക്കെ കോൺഗ്രസിന് വ്യക്തമായ മേൽക്കൈ പ്രവചിക്കുന്നതാണ് ബുധനാഴ്ച പുറത്തുവന്ന ലോക്‌പോൾ പ്രീ-പോൾ സർവേ ഫലങ്ങൾ. സർവേയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നേതൃത്വം നൽകുന്ന ഭാരത് രാഷ്ട്ര സമിതി (ബി.ആർ.എസ്) രണ്ടാം സ്ഥാനത്താണ്.
ആകെയുള്ള 119 സീറ്റുകളിൽ 69 മുതൽ 72 വരെ കോൺഗ്രസ് നേടിയേക്കുമെന്ന് സർവേ പറയുന്നു. ബി.ആർ.എസ് 36 മുതൽ 39 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബി.ജെ.പി രണ്ടുമുതൽ മൂന്നുവരെ വരെ സീറ്റുകൾ നേടുമെന്നും ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‍ലിമീൻ (എ.ഐ.എം.ഐ.എം) അഞ്ചുമുതൽ ആറുവരെ സീറ്റുകൾ നിലനിർത്തുമെന്നും പ്രവചനമുണ്ട്. സർവേ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടിൽ 43-46 ശതമാനത്തിലധികം കോൺഗ്രസ് നേടിയേക്കും. കഴിഞ്ഞ പത്തുകൊല്ലമായി സംസ്ഥാനം ഭരിക്കുന്ന ബി.ആർ.എസിന് 38-41, ബി.ജെ.പിക്ക് 7-10, എ.ഐ.എം.ഐ.എമ്മിന് മൊത്തം വോട്ട് വിഹിതത്തിന്റെ 4-6 ശതമാനം എന്നിങ്ങനെയാണ് സാധ്യതകൾ പ്രവചിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ശക്തമായ ആധിപത്യം പുലർത്താൻ ബി.ആർ.എസിനായിരുന്നു. മിക്ക മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം അടിയൊഴുക്കുകൾക്ക് കാരണമായേക്കുമെന്ന നിഗമനം ശരിവെക്കുന്നതാണ് നിലവിൽ വരുന്ന സർവേ ഫലങ്ങൾ. 2014-ലെ തെരഞ്ഞെടുപ്പിൽ 119ൽ ടി.ആർ.എസ് 63, കോൺഗ്രസ് -21, എ.ഐ.എം.ഐ.എം -ഏഴ്, ബി.ജെ.പി- അഞ്ച് എന്നിങ്ങനെയായിരുന്നു സീറ്റ് നില. 2018ൽ ഇത് യഥാക്രമം ടി.ആർ.എസ് -88, കോൺഗ്രസ്- 19, എ.ഐ.എം.ഐ.എം-ഏഴ്, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.