ബി.ജെ.പി ജയം 'മോദി മാജിക്കെ'ന്ന് സർവേ
text_fieldsലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പ്രധാന മുൻഗണന വികസനമായിരുന്നെന്നും രാമക്ഷേത്രവും ഹിന്ദുത്വവും ജനമനസ്സിൽ അത്രയൊന്നും പതിഞ്ഞിട്ടില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സർവേ റിപ്പോർട്ട്. കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാറിനോടുള്ള സംതൃപ്തി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാറിനെക്കാൾ മൂന്നിരട്ടിയാണെന്നും തുടർച്ചയായ രണ്ടാം തവണയും അധികാരത്തിൽ തിരിച്ചെത്താൻ 'മോദി മാജിക്' ബി.ജെ.പിയെ സഹായിച്ചെന്നും പഠനം പറയുന്നു. ലോക്നീതി-സി.എസ്.ഡി.എസ് (സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്) പോൾ സർവേയിലാണ് ഇക്കാര്യം പറയുന്നത്.
കിസാൻ സമ്മാൻ നിധി, ഉജ്ജ്വല സ്കീം, പ്രധാനമന്ത്രി ആവാസ് യോജന, സൗജന്യ റേഷൻ തുടങ്ങിയ ക്ഷേമ പദ്ധതികൾ വോട്ടർമാരെ സ്വാധീനിച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ആശങ്കകൾ അസ്ഥാനത്താക്കി കർഷകർ, ബ്രാഹ്മണർ എന്നിവർ ബി.ജെ.പിയെ കൂടുതൽ പിന്തുണച്ചതായും റിപ്പോർട്ടിലുണ്ട്. കൂടാതെ മായാവതിയുടെ പ്രധാന വോട്ട് ബാങ്കായ ജാട്ടവുകൾക്കിടയിലും പട്ടികജാതിക്കാർക്കിടയിലും വോട്ടുസ്വാധീനം വർധിപ്പിച്ചു. 38 ശതമാനം പേർ വികസനമാണ് തങ്ങളുടെ മുൻഗണനയെന്ന് സർവേയിൽ അഭിപ്രായപ്പെട്ടു. 12 ശതമാനം പേർ സർക്കാറിനെ മാറ്റുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയതെന്നും 10 ശതമാനം പേർ സർക്കാറിന്റെ പ്രവർത്തനത്തെ മുൻനിർത്തിയാണ് വോട്ടുചെയ്തതെന്നും സർവേ റിപ്പോർട്ട് ചെയ്തു. രണ്ട് ശതമാനം പേർ മാത്രമാണ് രാമക്ഷേത്രവും ഹിന്ദുത്വ പ്രശ്നവും മുൻനിർത്തി വോട്ടുചെയ്യാൻ പോയതെന്നും സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.