സുശാന്ത് കേസ്: മുംബൈ പൊലീസ് രേഖകൾ സി.ബി.ഐക്ക് കൈമാറി
text_fieldsന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത് കേസിലെ മുഴുവൻ തെളിവുകളും മുംബൈ പൊലീസ് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ബാന്ദ്ര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സി.ബി.ഐ സംഘം രേഖകൾ കൈപ്പറ്റിയത്. രേഖപ്പെടുത്തിയ 56 മൊഴികളും ഫോറൻസിക് റിപ്പോർട്ടുകളും ഉൾപ്പെടെ മുംബൈ പൊലീസ് ഇന്ന് സി.ബി.ഐക്ക് കൈമാറും.
മൊഴികൾക്കൊപ്പം സുശാന്തിൻെറ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അദ്ദേഹത്തിൻെറ മൂന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പും പൊലീസ് സി.ബി.ഐ സംഘത്തിന് നൽകും. തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ സുശാന്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, പുതപ്പ്, അവസാനമായി ജ്യൂസ് കുടിച്ചു വെച്ച പാത്രം, മൊബൈൽ സി.ഡി.ആർ വിശകലനം, ബാന്ദ്ര പൊലീസിൻെറ കേസ് ഡയറി, സ്പോട്ട് ഫോറൻസിക് റിപ്പോർട്ട്, കെട്ടിടത്തിലെ സി.സി.ടി.വി കാമറയിൽ ജൂൺ 13, 14 തീയതികളിൽ പതിഞ്ഞ ദൃശ്യങ്ങൾ തുടങ്ങിയ തെളിവുകളും സി.ബി.ഐ സംഘത്തിന് കൈമാറും.
എസ്.പി നൂപുർ പ്രസാദ് നയിക്കുന്ന 10 അംഗ സി.ബി.ഐ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വ്യാഴാഴ്ചയാണ് സംഘം മുംബൈയിലെത്തിയത്. ഇന്നത്തെ ബാന്ദ്ര പൊലീസ് സ്റ്റേഷൻ സന്ദർശനത്തോടെ സംഘം കേസന്വേഷണം ആരംഭിച്ചു. സുശാന്ത് സിങ് രജ്പുതിൻെറ മരണരംഗം പുനസൃഷ്ടിച്ച് തെളിവ് ശേഖരിക്കാനായി ഫോറൻസിക് വിദഗ്ധരുടെ സംഘം ബാന്ദ്രയിലെ അദ്ദേഹത്തിെറ വീട്ടിലെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച രണ്ട് ഡി.സി.പിമാരുമായി സംഘം നേരിൽ കണ്ട് സംസാരിച്ചു.
ഈ മാസം 19ന് സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ചാണ് സി.ബി.ഐ ഈ കേസ് ഏറ്റെടുത്തത്. ജൂൺ 14നാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഇത് ആത്മഹത്യയാണെന്നായിരുന്നു മുംബൈ പൊലീസിൻെറ കണ്ടെത്തൽ. എന്നാൽ, പിന്നീട് സുശാന്തിൻെറ പിതാവ് കെ.കെ. സിങ് പൊലീസിൽ പരാതി നൽകി. അദ്ദേഹത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ നടി റിയ ചക്രബർത്തി, അവരുടെ കുടുംബം, സുശാന്തിൻെറ ജോലിക്കാരൻ സാമുവൽ മിരൻറ, റിയയുടെ മാനേജർ ശ്രുതി മോദി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
റിയ ചക്രബർത്തി സുശാന്ത് സിങ്ങിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് 15 കോടി രൂപ തട്ടിയെടുത്തെന്നും അദ്ദേഹത്തെ ആത്മഹത്യക്ക് പ്രേരിപ്പിച്ചെന്നുമായിരുന്നു കെ.കെ സിങ്ങിൻെറ ആരോപണം. കേസിലെ സാമ്പത്തികാരോപണം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.