സുശാന്ത് സിങ്ങിന്‍റെ മരണം; സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് കോൺഗ്രസ്
text_fieldsമുംബൈ: നടൻ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണം സംബന്ധിച്ച കേസുമായി ബന്ധപ്പെട്ട വസ്തുതകൾ ഹാജരാക്കണമെന്ന് സി.ബി.ഐയോട് ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്ത്. 2020 ആഗസ്റ്റ് അഞ്ചിനാണ് സി.ബി.ഐ കേസ് ഏറ്റെടുത്തത്. നാല് വർഷത്തിന് ശേഷവും സി.ബി.ഐ എന്താണ് മൗനം പാലിക്കുന്നതെന്ന് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ സാവന്ത് ചോദിച്ചു.
"മൂന്ന് അന്വേഷണ സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷണം നടത്തി. അന്വേഷണത്തിനിടെ പലരും പീഡിപ്പിക്കപ്പെട്ടു. എന്നിട്ടും അന്തിമ ഫലം സി.ബി.ഐ വെളിപ്പെടുത്തിയിട്ടില്ല" -സാവന്ത് പറഞ്ഞു. മുംബൈ പൊലീസിന്‍റെയും എയിംസിന്‍റെയും റിപ്പോർട്ടുകൾ വകവെക്കാതെ ബി.ജെ.പി ഈ വിഷയം രാഷ്ട്രീയവൽക്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ സുപ്രീം കോടതി പോലും തൃപ്തരാണെന്നും പൊലീസിന്‍റെ പ്രതിച്ഛായ തകർക്കാനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണ് മുംബൈ പൊലീസിന്‍റെ കണ്ടെത്തൽ. എന്നാൽ മകൻ കൊല്ലപ്പെട്ടതാണെന്നും, 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവർത്തി തട്ടിയെന്നുമുള്ള പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫൊറൻസിക് വിദഗ്ധർ സുശാന്തിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സുശാന്തിന്റേത് ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധർ സി.ബി.ഐക്ക് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.