അഞ്ച് വർഷത്തിനിടെ രണ്ട് തവണ ബി.ജെ.പിയിൽ ചേരാനുള്ള ഓഫർ ലഭിച്ചു - സുശീൽ കുമാർ ഷിൻഡെ
text_fieldsമുംബൈ: അഞ്ച് വർഷത്തിനിടെ രണ്ട് തവണ തനിക്ക് ബി.ജെ.പിയിൽ ചേരാനുള്ള ക്ഷണം ലഭിച്ചിരുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും മുൻ കേന്ദ്ര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ. സോലാപൂരിലെ അക്കൽകോട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എൽ.എയായ മകൾക്കും സമാന രീതിയിൽ പാർട്ടിയിൽ ചേരാനുള്ള ഓഫർ ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻമാറുകയാണെന്ന് ഷിൻഡെ വ്യക്തമാക്കിയിരുന്നു. സോളാപൂരിലെ തെരഞ്ഞെടുപ്പിൽ സുശീൽ കുമാർ ഷിൻഡെക്ക് പകരം മകൾ പ്രണിതി ഷിൻഡെയെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
രണ്ട് തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബി.ജെ.പി തങ്ങളെ സമീപിച്ചത്. എന്നാൽ അത് ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും കോൺഗ്രസ് എന്ന അമ്മയുടെ മടിയിലാണ് തങ്ങൾ വളർന്നതെന്നും ഷിൻഡെ വ്യക്തമാക്കി.
എന്നാൽ തങ്ങൾ ഷിൻഡെക്ക് ഒരു ഓഫറും നൽകിയിട്ടില്ലെന്ന പരാമർശവുമായി സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ രംഗത്തെത്തിയിരുന്നു.
ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനും മുതിർന്ന ദളിത് നേതാവുമായിരുന്ന ഷിൻഡെ, ആഭ്യന്തരം, അധികാരം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. അവിഭക്ത ആന്ധ്രാപ്രദേശിന്റെ ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004ൽ ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.