ബിഹാർ: ജെ.ഡി.യുവിന്‍റെ 'കലിപ്പ്' തീരുന്നില്ല, ഏക രാജ്യസഭ സീറ്റും നഷ്ടപ്പെട്ട് എൽ.ജെ.പി
text_fieldsപാറ്റ്ന: ബിഹാറിൽ ഒഴിവുവന്ന രാജ്യസഭ സീറ്റിലേക്ക് മുൻ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. എൻ.ഡി.എ സ്ഥാനാർഥിയായാണ് അദ്ദേഹം പത്രിക സമർപ്പിക്കുന്നത്. ലോക് ജനശക്തി പാർട്ടി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാന്‍റെ മരണത്തെത്തുടർന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് പത്രിക സമർപ്പിക്കുന്നത്.
എൽ.ജെ.പിക്ക് അവകാശപ്പെട്ട രാജ്യസഭാ സീറ്റായിരുന്നു ഇത്. എന്നാൽ മകൻ ചിരാഗ് പാസ്വാൻ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ചതും എൽ.ജെ.പിയുടെ ശക്തി ചോർച്ചയും ജെ.ഡി.യുവിന്‍റെ താത്പര്യമില്ലായ്മയും കണക്കിലെടുത്താണ് ബി.ജെ.പി തന്നെ മത്സരിക്കുന്നതിന് പിന്നിലെന്നാണ് സൂചന.
രാംവിലാസ് പാസ്വാന്‍റെ മരണ ശേഷം മകൻ ചിരാഗായിരുന്നു പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തത്. എന്നാൽ നിർണായക ശക്തിയാവുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമാണ് ചിരാഗിന് കീഴിൽ ബിഹാറിൽ എൽ.ജെ.പി നേരിട്ടത്.
അതേസമയം ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മഹാഗത്ബന്ധൻ ഇതുവരെ സഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. അവരുടെ സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 14നാണ് തിരഞ്ഞെടുപ്പ്.
243 അംഗങ്ങളുള്ള സഭയിൽ എൻ.ഡി.എ സ്ഥാനാർത്ഥിക്ക് രാജ്യസഭാ സീറ്റ് നിലനിർത്താൻ 122 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. നവംബർ 26 ന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഡിസംബർ 3ആണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
മുഖ്യമന്ത്രി നിതീഷ് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സഞ്ജയ് ജയ്‌സ്വാൾ, ഉപമുഖ്യമന്ത്രിമാരായ തക്കിഷോർ പ്രസാദ്, രേണു ദേവി തുടങ്ങിയവർ പത്രികാ സമർപ്പണത്തിൽ മോദിക്കൊപ്പം പങ്കെടുക്കും. എല്ലാ മന്ത്രിമാരും എം.എൽ.എമാരും എം.എൽ.സിമാരും പാർട്ടി നേതാക്കളും അദ്ദേഹത്തെ അനുഗമിക്കുമെന്നും ബി.ജെ.പി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.