കുൽഭൂഷന്‍റെ കുടുംബത്തെ അപമാനിച്ച നടപടി നിന്ദാർഹം: സുഷമ
text_fieldsന്യൂഡൽഹി: വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിച്ച അമ്മയേയും ഭാര്യയേയും പാകിസ്താന്‍ അവഹേളിച്ച സംഭവത്തില്‍ പാകിസ്താനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഈ കൂടിക്കാഴ്ചയെ വ്യാജ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുകയാണ് പാകിസ്താന്‍റെ ലക്ഷ്യമെന്ന് സുഷമ രാജ്യസഭയിൽ നടത്തിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു.
താൻ കുൽഭൂഷന്‍റെ അമ്മയോട് സംസാരിച്ചു. താലിയും സിന്ദൂരവും അണിയാത്ത തന്നെ കണ്ടപ്പോൾ പിതാവിനെക്കുറിച്ചാണ് കുൽഭൂഷൺ ആദ്യം ചോദിച്ചതെന്ന് അമ്മ പറഞ്ഞു. വിധവകളെപ്പോലെ കുൽഭൂഷനു മുന്നിൽ രണ്ടുപോരെയും അവതരിപ്പിക്കുകയായിരുന്നു പാകിസ്താൻ.
കുൽഭൂഷന്‍റെ കുടുംബത്തെ മാധ്യമങ്ങളിൽ നിന്ന് അകറ്റി നിറുത്തണമെന്ന് രണ്ടു രാജ്യങ്ങളും തമ്മിൽ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ വ്യവസ്ഥ പാകിസ്താൻ ലംഘിച്ചു. കുൽഭൂഷൻ ജാദവിന്‍റെ ഭാര്യയുടെ ചെരിപ്പിൽ ചിപ്പോ റെക്കോർഡറോ ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഇപ്പോൾ പാകിസ്താൻ ഉന്നയിക്കുന്ന വാദം. ദുബൈയിലേക്കും അവിടെ നിന്നും പാകിസ്താനിലേക്കും ഫ്ളൈറ്റ് വഴിയാണ് കുടുംബം യാത്ര ചെയ്തത്. നിരവധി സെക്യൂരിറ്റി ചെക്കുകൾ കഴിഞ്ഞ ഇവരുടെ പക്കൽ ഇത്തരത്തിൽ ചിപ്പുണ്ടായിരുന്നെങ്കിൽ വിമാനത്താവളങ്ങളിൽ അലാറം മുഴങ്ങുമായിരുന്നില്ലേ? പാകിസ്താന്‍റെ വാദങ്ങൾ ശുദ്ധ അസംബന്ധമാണ് എന്നും സുഷമ പറഞ്ഞു.
കുൽഭൂഷൺ വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്ന് മാതാവ് പറഞ്ഞു. അതിനർഥം കുൽഭൂഷൺ വളരെയധികം വിഷമതകൾ അവിടെ നേരിടുന്നുണ്ടെന്നാണ്. കൂടിക്കാഴ്ചയിൽ മനുഷ്യത്വം തൊട്ടുതീണ്ടിയിരുന്നില്ല. ഭയാനകമായ അന്തരീക്ഷം മനപ്പൂർവം സൃഷ്ടിക്കപ്പെട്ടു. ഇതെല്ലാം മനുഷ്യാവകാശ ലംഘനങ്ങളാണ്.
കുൽഭൂഷനെ നാം തിരികെ കൊണ്ടുവരും. അന്താരാഷ്ട്ര കോടതിയാണ് കുൽഭൂഷന്‍റെ വധശിക്ഷ നീട്ടിവെച്ചത്. കോടതിക്ക് മുന്നിൽ അദ്ദേഹത്തിന്‍റെ നിരപരാധിത്വം തെളിയിക്കുന്ന കൂടുതൽ രേഖകൾ ഹാജരാക്കും. പാകിസ്താന്‍റെ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ജാദവിനെ പിന്തുണക്കുകയും വേണമെന്ന് താൻ പാർലമെന്‍റിനോട് ആവശ്യപ്പെടുന്നുവെന്നും സുഷമ പറഞ്ഞു.
ഭാഗ്യം കൊണ്ടാണ് ഷൂസിൽ ബോംബ് ഒളിപ്പിച്ചുവെച്ചെന്ന് പാകിസ്താൻ ആരോപിക്കാത്തതെന്നും സുഷമ പരിഹസിച്ചു. ഡെപ്യൂട്ടി ഹൈക്കമ്മീഷണർ കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ സംഭവത്തിൽ ഹൈക്കമ്മീഷണർ പ്രതിഷേധം രേഖപ്പെടുത്തുമായിരുന്നുവെന്നും സുഷമ പറഞ്ഞു.
കഴിഞ്ഞ ദിവസം കുൽഭൂഷൺ ജാദവിന്‍റെ കുടുംബത്തെ അവഹേളിച്ച സംഭവത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ലോക്സഭ തടസ്സപ്പെടുത്തിയിരുന്നു. കുൽഭൂഷൺ ജാദവിനെ ഉടൻ തിരിച്ചെത്തിക്കണമെന്നും കേന്ദ്രം വിശദീകരണം നൽകണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വിദേശകാര്യമന്ത്രി ഇന്ന് പാർലമെന്‍റിൽ പ്രസ്താവന നടത്തിയത്.
സുഷമയുടെ പ്രസ്താവനക്ക് ശേഷം ബിജെ.പി അംഗങ്ങൾ സഭയിൽ പാകിസ്താൻ മൂർദാബാദ് എന്ന മുദ്രാവാക്യം വിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.