കോവിഡ് ബാധിച്ച പ്രതി രക്ഷപ്പെട്ടു, കണ്ടിട്ടും പിടിക്കാനാവാതെ പൊലീസ്; ഒടുവിൽ ആംബുലൻസിലേക്ക് നടന്നുകയറി
text_fieldsബംഗളൂരു: കോവിഡ് ബാധിതനായ വധശ്രമക്കേസ് പ്രതി ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടു. മൂന്നുമണിക്കൂറിന് ശേഷം ഇയാളെ പൊലീസ് കണ്ടെത്തിയെങ്കിലും കോവിഡ് പകരുമെന്നതിനാൽ പിടികൂടാൻ പേടിയായി. ഒടുവിൽ ബന്ധുവിനെ കണ്ട് കാര്യം പറഞ്ഞപ്പോൾ പ്രതി കൂളായി ആംബുലൻസിലേക്ക് നടന്നുകയറി.
ബംഗളൂരു വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. ജൂൺ 18ന് നടന്ന വധശ്രമക്കേസിൽ പ്രതിയായ 30കാരനെ അടുത്തദിവസം തന്നെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ, ജൂൺ 23ന് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നിന്ന് പൊലീസിെൻറ കണ്ണുവെട്ടിച്ച് ബുധനാഴ്ച ഉച്ചയോടെ രക്ഷപ്പെടുകയായിരുന്നു.
മൂന്ന് മണിക്കൂറിനുശേഷം 9.5 കിലോമീറ്റർ അകലെയുള്ള കെ.ജി ഹള്ളിയിലെ ബന്ധുവീടിനടുത്ത് വെച്ചാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. "രോഗബാധ ഭയന്നതിനാൽ ഞങ്ങൾക്ക് അവനെ തൊടാൻ കഴിഞ്ഞില്ല. സ്ഥലത്തെത്തിയ ഒരു ബന്ധുവുമായി ചർച്ച നടത്തി. കോവിഡിന് ചികിത്സിച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാകുമെന്ന് േബാധ്യപ്പെടുത്തി. ഒടുവിൽ അദ്ദേഹം സ്വയം ആംബുലൻസിൽ കയറി" -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് അന്തർസംസ്ഥാന തൊഴിലാളിയെ കുത്തിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. കോവിഡ് സ്ഥിരീകരിച്ചതോടെ ഇയാളുമായി ഇടപഴകിയ സ്റ്റേഷനിലെ 20 പൊലീസ് ഉദ്യോഗസ്ഥരെ ക്വാറൻറീനിലേക്ക് മാറ്റി. പ്രതിയുമായി സമ്പർക്കം പുലർത്തിയ ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.