കാലിൽ കാമറയും ചിപ്പും ഘടിപ്പിച്ച പ്രാവിനെ ഒഡിഷ തീരത്ത് പിടികൂടി; ചാരപ്പണിയെന്ന് സംശയം
text_fieldsപാരാദീപ്: കാലിൽ കാമറയും മൈക്രോചിപ്പും പിടിപ്പിച്ച പ്രാവിനെ ഒഡിഷ തീരത്തെ മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടികൂടി. ഒഡിഷയിലെ ജഗത്സിങ്പുർ ജില്ലയിലെ പാരാദീപിലാണ് സംഭവം. ചാരപ്പണിക്ക് വേണ്ടി ഉപയോഗിക്കുന്ന പ്രാവാണിതെന്നാണ് പൊലീസ് കരുതുന്നത്.
കടലിൽ മീൻ പിടിക്കുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് പ്രാവ് ബോട്ടിൽ കയറിക്കൂടിയതാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. തുടർന്ന് ഇവർ പ്രാവിനെ പിടികൂടുകയും മറൈൻ പൊലീസിന് കൈമാറുകയുമായിരുന്നു.
മൃഗഡോക്ടർമാർ പ്രാവിനെ പരിശോധിക്കുന്നുണ്ടെന്നും പ്രാവിന്റെ കാലിൽ ഘടിപ്പിച്ച ഉപകരണങ്ങൾ ഫൊറൻസിക് സയൻസ് ലാബിൽ പരിശോധധക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും ജഗത്സിങ്പുർ പൊലീസ് സൂപ്രണ്ട് പി.ആർ. രാഹുൽ പറഞ്ഞു. ഈ ഉപകരണങ്ങൾ ക്യാമറയും മൈക്രോചിപ്പുമാണെന്നാണ് കരുതുന്നത്. പക്ഷിയുടെ ചിറകിൽ പ്രാദേശിക പൊലീസിന് തിരിച്ചറിയാനാകാത്ത ഭാഷയിൽ എന്തോ സന്ദേശം കുറിച്ചിട്ടുണ്ട്. ഈ സന്ദേശം വായിക്കാൻ ഭാഷാ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട് -സൂപ്രണ്ട് വ്യക്തമാക്കി.
പീതാംബർ ബെഹ്റ എന്ന മത്സ്യത്തൊഴിലാളിയാണ് പ്രാവിനെ പിടികൂടിയത്. പുറം കടലിൽ മത്സ്യബന്ധനത്തിനിടെയാണ് പ്രാവ് ബോട്ടിലെത്തിയതെന്ന് പീതാംബർ പറഞ്ഞു. പ്രാവിന്റെ കാലിൽ ഉപകരണങ്ങളും ചിറകിൽ ഒഡിയയല്ലാത്ത ഭാഷയിൽ എന്തോ കുറിച്ചതും കണ്ടു. തുടർന്ന് പ്രാവിന്റെ വിളിക്കുകയും അടുത്തെത്തിയപ്പോൾ പിടികൂടുകയായിരുന്നു. പുറം കടലിൽ മത്സ്യബന്ധനത്തിലായതിനാൽ കഴിഞ്ഞ 10 ദിവസവും താൻ പ്രാവിന് ഭക്ഷണം നൽകിയിരുന്നെന്നും പീതാംബർ ബെഹ്റ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.