സ്റ്റേജിൽ കയറി ജയ്ശ്രീറാം മുദ്രാവാക്യം വിളിച്ച വിദ്യാർഥിയോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ട അധ്യാപികമാർക്ക് സസ്പെൻഷൻ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗാസിയാബാദിലെ എൻജിനീയറിങ് കോളജിലെ വിദ്യാർഥി പ്രവേശന ചടങ്ങിനിടെ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച വിദ്യാർഥിയോട് സ്റ്റേജിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് രണ്ട് അധ്യാപികമാർക്ക് സസ്പെൻഷൻ.
വർഷങ്ങളായി, ഭരണകക്ഷിയായ ബി.ജെ.പിയും മറ്റ് ഹിന്ദുത്വ സംഘടനകളും അവരുടെ പരിപാടികളിലും റാലികളിലും ജയ്ശ്രീറാം മുദ്രാവാക്യം ഉയർത്തിക്കൊണ്ടിവരികയാണ്. കോളജ്,യൂനിവേഴ്സിറ്റി പരിസരങ്ങളിൽ എ.ബി.വി.പിയും ഇത്തരം മുദ്രാവാക്യങ്ങൾ വിളിക്കാറുണ്ട്. അധ്യാപികമാർ വിദ്യാർഥികളോട് സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുന്ന എക്സ് പ്ലാറ്റ്ഫോമിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ നടപടി വേണമെന്ന് ഹിന്ദുത്വ സംഘടനകൾ വ്യാപകമായി ആവശ്യപ്പെട്ടു. ഒക്ടോബർ 20നായിരുന്നു ഇത്.
അതിനുപിന്നാലെ ജയ്ശ്രീറാം വിളിച്ചാൽ ഒരു പരിപാടിയും കോളജിൽ അനുവദിക്കില്ലെന്ന് വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകുന്ന അധ്യാപികയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തമായി. അധ്യാപികമാരായ മംമ്ത ഗൗതം, ശ്വേത ശർമ എന്നിവർക്കെതിരായ പ്രതിഷേധം കാംപസുകളിലും അലയടിച്ചു.
സ്ഥിതിഗതികൾ ശാന്തമാക്കാൻ കാംപസിൽ പൊലീസിനെ വിന്യസിക്കേണ്ടി വന്നു. തുടർന്ന് ഒക്ടോബർ 21 ന് അധ്യാപകരുടെ പെരുമാറ്റം അനുചിതമാണെന്ന് കാണിച്ച് എൻജിനീയറിങ് കോളജ് ഡയറക്ടർ സഞ്ജയ് കുമാർ നടപടി സ്വീകരിക്കുകയായിരുന്നു. ഹിന്ദു രക്ഷാ ദൾ എന്ന ഹിന്ദുത്വ ഗ്രൂപ്പും പ്രതിഷേധവുമായി എത്തി. അധ്യാപകർ കുറ്റം സമ്മതിച്ചിട്ടില്ല. ജയ് ശ്രീറാം വിളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ തന്നോട് തർക്കിച്ചതിനാലാണ് വിദ്യാർഥിയെ സ്റ്റേജിൽ നിന്ന് പുറത്താക്കിയതെന്നും അധ്യാപികമാരിലൊരാളായ മംമ്ത ഗൗതം പറഞ്ഞു. സംഭവം പൊലീസും അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.