പാർലമെന്‍റിൽ പ്രതിഷേധം നടത്തിയ നാല് എം.പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു
text_fieldsന്യൂഡൽഹി: ലോക്സഭയുടെ നടുത്തളത്തിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച നാല് എം.പിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. ഈ മാസം 12 വരെ നീളുന്ന മഴക്കാല സമ്മേളന കാലത്തെ മുഴുവൻ ദിവസങ്ങളിലേക്കുമായിരുന്നു സസ്പെൻഷനെങ്കിലും ഭരണ-പ്രതിപക്ഷ കക്ഷികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സ്പീക്കറുടെ നടപടി. ഇതോടെ പാർലമെന്റ് സ്തംഭനാവസ്ഥ നീങ്ങി.
ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മണിക്കം ടാഗോർ, ജ്യോതിമണി എന്നിവരെയാണ് കഴിഞ്ഞയാഴ്ച സസ്പെൻഡ് ചെയ്തത്. ഇതേതുടർന്ന് ഗാന്ധിപ്രതിമക്കു മുന്നിൽ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധം നടന്നുവരുകയായിരുന്നു. രാജ്യസഭയിൽ പുറത്താക്കിയവരുടെ സസ്പെൻഷൻ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു.
വിലക്കയറ്റം അടിയന്തരമായി ചർച്ചചെയ്യണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നായിരുന്നു ഇരുസഭകളിലും സ്തംഭനാവസ്ഥ ഉണ്ടായത്. സസ്പെൻഷൻ പിൻവലിക്കാനും വിലക്കയറ്റ ചർച്ചക്കും തീരുമാനമായതോടെ തിങ്കളാഴ്ച ഉച്ചവരെ നീണ്ട പ്രതിഷേധങ്ങൾ തൽക്കാലം പ്രതിപക്ഷം അവസാനിപ്പിച്ചു. ലോക്സഭയിൽ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് വിലക്കയറ്റ ചർച്ച തുടങ്ങി. രാജ്യസഭയിൽ ചൊവ്വാഴ്ച നടക്കും.
പ്ലക്കാർഡ് സഭയിൽ കൊണ്ടുവരില്ലെന്ന് പ്രതിപക്ഷം ഉറപ്പു നൽകണമെന്ന് ഭരണ-പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ സ്പീക്കർ ഓം ബിർല ആവശ്യപ്പെട്ടു. പ്രദർശന വസ്തുക്കളൊന്നും സഭയിൽ കൊണ്ടുവരരുതെന്നാണ് ചട്ടം. അത് ലംഘിച്ചാൽ ഇരുപക്ഷത്തിന്റെയും വാക്കു കേൾക്കാൻ നിൽക്കാതെ താൻ അച്ചടക്ക നടപടി എടുക്കുമെന്ന് സ്പീക്കർ മുന്നറിയിപ്പു നൽകി. ആവശ്യങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയാറാകാതെ വരുമ്പോൾ പ്രതിഷേധം സ്വാഭാവികമാണെന്നും, സഭാധ്യക്ഷനോടുള്ള അനാദരവല്ല അതെന്നും കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധീർ രഞ്ജൻ ചൗധരി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.