ഹരിയാനയിൽ ഇന്റര്‍നെറ്റ് നിരോധനം നീട്ടി
text_fieldsഹരിയാന: വർഗീയ സംഘർഷം ഉടലെടുത്ത ഹരിയാനയിലെ നൂഹ്, പല്‍വല്‍ ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനം ചൊവ്വാഴ്ച്ച വരെ നീട്ടി. എസ്.എം.എസ് നിരോധനം നൂഹില്‍ തിങ്കളാഴ്ച്ച അഞ്ച് മണി വരേയും പല്‍വാല്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച അഞ്ച് വരേയും തുടരുമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
വ്യക്തിഗത എസ്.എം.എസ്, ബാങ്കിംഗ് എസ്.എം.എസ്, മൊബൈൽ റീചാർജ് സന്ദേശങ്ങൾ, വോയ്‌സ് കോളുകൾ, ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ, കോർപ്പറേറ്റ്, ഗാർഹിക കുടുംബങ്ങളുടെ വാടക ലൈനുകൾ നൽകുന്ന ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ നിരോധനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സംഘർഷം നടന്ന സ്ഥലങ്ങളിലെ ക്രമസമാധാനം വീണ്ടെടുക്കാനും വ്യാജ പ്രചാരങ്ങൾ തടയാനും വേണ്ടിയാണ് ഇന്‍റർനെറ്റ് നിരോധം എന്ന് സർക്കാർ പറയുന്നു.
നൂഹില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച വി.എച്ച്.പി ഘോഷയാത്ര ആള്‍ക്കൂട്ടം തടഞ്ഞതിന് പിന്നാലെയായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. മണിക്കൂറുകള്‍ക്കകം സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. പിന്നാലെയാണ് നൂഹ്. പല്‍വല്‍ എന്നിവിടങ്ങളിൽ ഇന്റര്‍നെറ്റ് നിരോധിച്ചത്. പിന്നീട് നിരോധനം ആഗസ്റ്റ് അഞ്ച് വരെ നീട്ടി. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്ട്സ്ആപ്പ് എന്നിവയിലെ പോസ്റ്റുകള്‍ നിരീക്ഷിക്കാന്‍ മൂന്നംഗ സമിതിയേയും ചുമതലപ്പെടുത്തി.വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.