എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കാൻ സമ്മർദം; ഉപാധി വെച്ച് സർക്കാർ
text_fieldsന്യൂഡൽഹി: എം.പിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ നടുത്തളത്തിലിറങ്ങി പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിക്കില്ലെന്ന് ഉറപ്പു നൽകണമെന്ന് സർക്കാർ. ലോക്സഭയിലും രാജ്യസഭയിലുമായി 24 പേരെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ വിവിധ പ്രതിപക്ഷ പാർട്ടികളുടെ സമ്മർദം മുറുകിയപ്പോഴാണ് സർക്കാർ ഉപാധി വെച്ചത്. ലോക്സഭയിൽ എൻ.സി.പി, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ അംഗങ്ങളാണ് സസ്പെൻഷൻ പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടത്. അംഗങ്ങൾ നടുത്തളത്തിലിറങ്ങുന്നതോ പ്ലക്കാർഡ് ഉയർത്തുന്നതോ പുതിയ കാര്യമല്ലെന്ന് ഡി.എം.കെ നേതാവ് എ. രാജ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണത്തിനു മാത്രമല്ല മൂല്യം കൽപിക്കേണ്ടത്. പാർട്ടികളുടെ അംഗബലം നോക്കാതെ ആരോഗ്യകരമായ ചർച്ചകൾ സഭയിൽ നടക്കണം.
സസ്പെൻഷൻ പിൻവലിച്ച് ചർച്ചകളിൽ പങ്കെടുക്കാൻ അംഗങ്ങളെ അനുവദിക്കണമെന്ന് രാജ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ വഴങ്ങിയില്ല. വീണ്ടും പ്ലക്കാർഡുമായി നടുത്തളത്തിലേക്ക് വരില്ലെന്ന് ഉറപ്പു നൽകാൻ തയാറുണ്ടെങ്കിൽ സസ്പെൻഷൻ പിൻവലിക്കാൻ തയാറാണെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. വിലക്കയറ്റത്തെക്കുറിച്ച് സഭയിൽ ചർച്ച നടക്കുന്നതിനോട് സർക്കാറിന് എതിർപ്പില്ല. പക്ഷേ, പ്രതിഷേധിക്കുന്നവർ സ്പീക്കറുടെ മൂക്കിനു താഴെ പ്ലക്കാർഡ് ഉയർത്തി ഒച്ചവെക്കാൻ പറ്റില്ല. കോൺഗ്രസ് ഭരിച്ച കാലത്തും ഇതുതന്നെയായിരുന്നു നിലപാടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് വിജയ് ചൗക്കിൽ ധർണ നടത്തിയതിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലായതിനാൽ കോൺഗ്രസ് എം.പിമാർ ആരും ഈ സമയം ലോക്സഭയിൽ ഉണ്ടായിരുന്നില്ല. സർക്കാറിന്റെ ഉപാധി അംഗീകരിച്ചും മാപ്പു പറഞ്ഞും സഭയിൽ തിരിച്ചു കയറാനില്ലെന്ന നിലപാടാണ് സസ്പെൻഡ് ചെയ്യപ്പെട്ടവർ പ്രകടിപ്പിച്ചത്. അവർ ഗാന്ധി പ്രതിമക്ക് മുന്നിൽ വിലക്കയറ്റ വിരുദ്ധ പ്ലക്കാർഡുമായി റിലേ സത്യഗ്രഹം തുടങ്ങി.
ലോക്സഭയിൽ നാലു കോൺഗ്രസ് അംഗങ്ങളെ പുറത്താക്കിയതിനു പിറകെ രാജ്യസഭയിൽ രണ്ടു ദിവസങ്ങളിലായി 20 എം.പിമാരെയാണ് സസ്പെൻഡ് ചെയ്തത്. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, ടി.ആർ.എസ്, സി.പി.എം, സി.പി.ഐ, ആം ആദ്മി പാർട്ടി എന്നിവയിലെ അംഗങ്ങൾക്കാണ് സസ്പെൻഷൻ.
എം.പിമാർ പിന്നെയും കസ്റ്റഡിയിൽ
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ മൂന്നാം ദിവസവും ഇ.ഡി ചോദ്യം ചെയ്തതിനിടയിൽ, അന്വേഷണ ഏജൻസികളെ സർക്കാർ ദുരുപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് പാർലമെന്റ് മന്ദിരത്തിൽ നിന്ന് പുറത്തേക്ക് എം.പിമാരുടെ മാർച്ച്. വിജയ് ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. സോണിയയുടെ ചോദ്യം ചെയ്യൽ പൂർത്തിയായതിനു പിന്നാലെയാണ് വിട്ടയച്ചത്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, കോൺഗ്രസിന്റെ ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി, മറ്റു നേതാക്കളായ ജയ്റാം രമേശ്, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ മുക്ത ഭാരതമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. വിലക്കയറ്റ പ്രശ്നവും അവർ ഉന്നയിച്ചു.
നേരത്തേ പാർലമെന്റ് കവാടത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജ്യോതിമണി, മണിക്കം ടാഗോർ എന്നിവർ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുതിർന്ന നേതാക്കളായ രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, കെ. സുധാകരൻ തുടങ്ങിയവരെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ മഹിള കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. അവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.