എം.പിമാരുടെ സസ്പെൻഷൻ: സർക്കാറും പ്രതിപക്ഷവും പോരിൽ
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി സർക്കാറും പ്രതിപക്ഷവും പോരിൽ. എം.പിമാരെ തിരിച്ചെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭ നടപടികൾ ബുധനാഴ്ച തടസ്സപ്പെടുത്തി. തുടർന്ന് എം.പിമാർ പാർലമെൻറിന് പുറത്ത് മഹാത്മ ഗാന്ധിയുടെ പ്രതിമക്കു മുന്നിൽ ധർണ നടത്തി. നിയമവിരുദ്ധ സസ്പെൻഷൻ റദ്ദാക്കുന്നതു വരെ പ്രതിഷേധ സമരം തുടരുമെന്ന് എം.പിമാർ വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കുന്ന പ്രശ്നമില്ലെന്ന് രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു ആവർത്തിച്ചപ്പോൾ പിൻവലിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സഭാനടപടികൾ തടസ്സപ്പെടുത്തുമെന്നാണ് പ്രതിപക്ഷം നൽകുന്ന സൂചന.
പ്രതിപക്ഷ പ്രതിഷേധത്തിൽ രാവിലെ രാജ്യസഭ തടസ്സെപ്പട്ടു. ഉച്ചക്കുശേഷം സഭ വീണ്ടും സമ്മേളിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ റായ് നടത്തിയ ശ്രമവും പരാജയപ്പെട്ടു. കേന്ദ്ര ജലമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെ അണക്കെട്ട് സുരക്ഷാ ബിൽ അവതരിപ്പിക്കാൻ ക്ഷണിച്ച ഉപാധ്യക്ഷൻ മന്ത്രിയെ സംസാരിക്കാൻ അനുവദിച്ചപ്പോൾ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ 12 എം.പിമാരുടെ സസ്പെൻഷനെ കുറിച്ച് സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യെപ്പട്ടു. ആ വിഷയം ഉന്നയിക്കാൻ പറ്റില്ലെന്നും വേണമെങ്കിൽ ബില്ലിൽ സംസാരിക്കാമെന്നും ഉപാധ്യക്ഷൻ പറഞ്ഞു. അതോടെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ഇതോടെ ഉപാധ്യക്ഷൻ സഭ നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് മൂന്നിന് വീണ്ടും ചേർന്ന് നടപടികളിലേക്ക് കടക്കാനാവാതെ വന്നപ്പോൾ വ്യാഴാഴ്ചത്തേക്ക് പിരിയുകയായിരുന്നു. കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ. മാണി സത്യപ്രതിജ്ഞ കഴിഞ്ഞ് ഗാന്ധി പ്രതിമക്ക് മുന്നിൽ പോയി സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.