എം.പിമാരുടെ സസ്പെൻഷൻ; ചർച്ചക്കുള്ള സർക്കാർ ക്ഷണം പ്രതിപക്ഷം തള്ളി
text_fieldsന്യൂഡൽഹി: പാർലമെൻറിെൻറ ശൈത്യകാല സമ്മേളനം അവസാനിക്കാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കേ 12 എം.പിമാരുടെ സസ്പെൻഷൻ വിഷയം ചർച്ചചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ചയോഗം തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ബഹിഷ്കരിച്ചു. സസ്പെൻഷൻ നടപടിക്കിരയായ പ്രതിപക്ഷ പാർട്ടികളെമാത്രം ചർച്ചക്ക് വിളിച്ച് പ്രതിപക്ഷത്തിനിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് കേന്ദ്രനീക്കമെന്ന് കുറ്റപ്പെടുത്തിയാണ് തൃണമൂൽ കോൺഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചത്.
തിങ്കളാഴ്ച രാവിലെ 10 മണിക്കായിരുന്നു കേന്ദ്ര പാർലമെൻററികാര്യ മന്ത്രി പ്രൾഹാദ് ജോഷിയും രാജ്യസഭയിലെ ബി.ജെ.പി നേതാവ് കേന്ദ്ര മന്ത്രി പീയൂഷ് ഗോയലും അഞ്ച് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളെമാത്രം ചർച്ചക്ക് വിളിച്ചത്. എന്നാൽ, അതിന് 15 മിനിറ്റ് മുമ്പ് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന രാജ്യസഭ പ്രതിപക്ഷ കക്ഷികളുടെ സഭാ നേതാക്കന്മാരുടെ യോഗത്തിൽ സർക്കാറിെൻറ ചർച്ചക്കുള്ള ക്ഷണം തള്ളിക്കളഞ്ഞു. പിന്നീട് രാജ്യസഭ 11മണിക്ക് സമ്മേളിച്ചപ്പോൾ സർക്കാർ വിളിച്ചിട്ടും അനുരഞ്ജനത്തിന് വന്നില്ലെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭ ചെയർമാൻ വെങ്കയ്യ നായിഡു സസ്പെൻഷൻ വിഷയം സഭയിലുന്നയിക്കാൻ പ്രതിപക്ഷ നേതാവിനെ പോലും അനുവദിച്ചില്ല.
എല്ലാ പ്രതിപക്ഷ പാർട്ടികളും സംയുക്തമായി സമരം നടത്തിക്കൊണ്ടിരിക്കുമ്പോൾ അവരിൽനിന്ന് അഞ്ച് പാർട്ടികളെമാത്രം തെരഞ്ഞുപിടിച്ചതെന്തിനാണെന്ന് മല്ലികാർജുൻ ഖാർഗെ ചോദിച്ചു. സഭ സ്തംഭിപ്പിച്ച ശേഷം എം.പിമാർക്ക് ഐക്യദാർഢ്യവുമായി ഗാന്ധി പ്രതിമക്ക് മുന്നിലെത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
സർക്കാറുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറാണെങ്കിലും സർക്കാർ അതാഗ്രഹിക്കുന്നില്ല. കഴിഞ്ഞ സമ്മേളനത്തിൽ നടന്ന സംഭവത്തിെൻറ പേരിൽ ഈ സമ്മേളനത്തിൽ നടപടി പാടില്ലെന്ന് ചട്ടമുള്ളതിനാൽ സസ്പെൻഷൻ പിൻവലിക്കാൻ സർക്കാറിന് കഴിയും. എന്നിട്ടും അത് ചെയ്യാത്തത് സഹകരണം ആവശ്യമില്ലാത്തതു കൊണ്ടാണെന്നും ഖാർഗെ പറഞ്ഞു.
സസ്പെൻഷനുമായി ബന്ധപ്പെട്ട സർക്കാറിെൻറ ക്ഷണം ഉദ്ദേശ്യശുദ്ധിയോടെ അല്ലെന്നും അതുകൊണ്ടാണ് ക്ഷണം തള്ളിയതെന്നും ഗാന്ധിപ്രതിമക്ക് മുന്നിൽ ധർണ തുടരുന്ന സി.പി.െഎ രാജ്യസഭ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. നവംബർ 29ന് കൊടും തണുപ്പിൽ തുടങ്ങിയ സമരമാണിത്. 22 ദിവസം പിന്നിട്ടിട്ടും ഒരു ചർച്ചക്കും തയാറാകാത്ത സർക്കാർ സമ്മേളനം തീരാൻ നാലു ദിവസം മാത്രം ബാക്കി നിൽക്കേ ചർച്ചക്ക് വിളിച്ചതിന് പിന്നിൽ കുറുക്കെൻറ ബുദ്ധിയാണ്. ഖാർഗെ വിളിച്ച യോഗത്തിൽ പങ്കെടുക്കാത്ത തൃണമൂൽ കോൺഗ്രസ് തങ്ങളും ചർച്ചക്കില്ലെന്ന വിവരം യോഗത്തെ അറിയിച്ചിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
ചർച്ചക്ക് സർക്കാറിനെ വെല്ലുവിളിച്ച് രാഹുൽ
ന്യൂഡൽഹി: പ്രതിപക്ഷം ഉയർത്തുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് പാർലമെൻറിൽ ചർച്ചക്ക് തയാറാകാൻ സർക്കാറിനെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനാധിപത്യത്തെ ആക്രമിക്കുകയാണ് ഭരണപക്ഷം. അതുകൊണ്ടാണ് പ്രതിപക്ഷത്തിന് പോരാട്ടം വേണ്ടിവരുന്നത്. ലഖിംപുർ സംഭവം, വിലക്കയറ്റം, പെഗസസ്, മിനിമം താങ്ങുവില, എം.പിമാരുടെ സസ്പെൻഷൻ തുടങ്ങി ഒരു വിഷയത്തെക്കുറിച്ചും സർക്കാർ ചർച്ച അനുവദിക്കുന്നില്ല. പാർലമെൻറ് എങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് അറിയാത്ത ഒരു സർക്കാറാണിത്. ധൈര്യമുണ്ടെങ്കിൽ ചർച്ച നടത്താൻ അനുവദിക്കട്ടെ.പാർലമെൻറ് നടത്താനുള്ള പ്രധാന ഉത്തരവാദിത്തം സർക്കാറിനാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.