എം.പിമാരുടെ സസ്‍പെൻഷൻ; ഗാന്ധിപ്രതിമക്ക് മുന്നിൽ പ്രതിഷേധം തുടരും
text_fieldsന്യൂഡൽഹി: വിലക്കയറ്റ പ്രശ്നത്തിൽ നടുത്തളത്തിലിറങ്ങി പ്ലക്കാഡ് ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കോൺഗ്രസ് എം.പിമാരായ നാലു പേർക്ക് ലോക്സഭയിൽ സസ് പെൻഷൻ. രമ്യ ഹരിദാസ്, ടി.എൻ. പ്രതാപൻ, മാണിക്കം ടാഗോർ, ജ്യോതിമണി എന്നിവരെയാണ് സ്പീക്കർ ഓം ബിർള സസ് പെൻഡ് ചെയ്തത്. വർഷകാല പാർലമെന്റ് സമ്മേളനം തീരുന്നതുവരെ ഇവർക്ക് സഭയിൽ പ്രവേശനമില്ല.
വിലക്കയറ്റം, നാണ്യപ്പെരുപ്പം, ജി.എസ്.ടി നിരക്ക് വർധന തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി വിശദീകരിക്കണമെന്നും ചർച്ച അനുവദിക്കണമെന്നും പാർലമെന്റ് സമ്മേളനം തുടങ്ങിയതു മുതൽ പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടുവരുന്നതിനിടയിലാണ് നാലുപേരുടെ സസ്‍പെൻഷൻ.
പ്ലക്കാർഡ് ഉയർത്തിയുള്ള പ്രതിഷേധം തുടർന്നാൽ സഭക്കുള്ളിൽ പ്രവേശനം ഉണ്ടാവില്ലെന്ന സ്പീക്കറുടെ താക്കീത് കോൺഗ്രസ് എം.പിമാർ ചെവിക്കൊണ്ടില്ല. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞക്കുശേഷം ഉച്ചതിരിഞ്ഞ് സമ്മേളിച്ച സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂർ നിർത്തിവെച്ചിരുന്നു. മൂന്നു മണിക്ക് വീണ്ടും ചേർന്നപ്പോഴും പ്ലക്കാർഡ് ഉയർന്നതിനു പിന്നാലെയാണ് സസ്‍പെൻഷൻ.
എന്നാൽ, ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ തളർത്താൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് സസ്‍പെൻഷനിലായ എം.പിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്കു മുന്നിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ചു. സഭാ സമ്മേളനകാലം തീരുംവരെ പ്രതിഷേധം തുടരുമെന്ന് അവർ പറഞ്ഞു. വർഷകാല സമ്മേളനം തുടങ്ങിയതു മുതൽ വിലക്കയറ്റ പ്രശ്നത്തിൽ സഭാ സ്തംഭനം ആവർത്തിച്ചുവരുകയായിരുന്നു. ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന പ്രതിപക്ഷ പ്രതിഷേധം സസ്‍പെൻഷനുശേഷവും തുടർന്നു.
വിഷയം ചർച്ച ചെയ്യാം, പാർലമെന്റ് നടക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്, തന്റെ മനസ്സലിവ് ദൗർബല്യമായി കാണരുത് തുടങ്ങിയ പരാമർശങ്ങൾക്കുശേഷമായിരുന്നു നാല് എം.പിമാരെ സ്പീക്കർ സസ്‍പെൻഡ് ചെയ്തത്. പാചക വാതക സിലിണ്ടറിന്റെ വില 1053 രൂപയായിട്ടും ഇടപെടാത്ത സർക്കാർ സമീപനത്തിൽ അമർഷം പ്രകടിപ്പിക്കുന്ന പ്ലക്കാർഡുകളാണ് എം.പിമാർ ഉയർത്തിയത്. സർക്കാർ ജനങ്ങൾക്കുവേണ്ടിയല്ല, ലോകത്ത് നാലാമത്തെ സമ്പന്നനായി മാറിയ വ്യവസായിക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് സസ്‍പെൻഷനിലായ എം.പിമാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.