ബ്രിജ്ഭൂഷൺ സിങ്ങിന്റെ മകന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
text_fieldsലഖ്നോ: ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ മകനും ബി.ജെ.പി സ്ഥാനാർഥിയുമായ കൈസർജങ് കരൺ ഭൂഷൺ സിങ്ങിന്റെ അകമ്പടി വാഹനമിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗോണ്ടയിൽ ബുധനാഴ്ചയായിരുന്നു സംഭവം. വാഹനവ്യൂഹത്തിൽ ബ്രിജ്ഭൂഷണാണോ കരൻ സിങ് ആണോ ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല. വാഹന വ്യൂഹം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രെഹാൻ ഖാൻ(17),ബന്ധു ഷെഹ്സാദ് ഖാൻ(20) എന്നിവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൽ ഒരു സ്ത്രീക്ക് പരിക്കുണ്ട്. പരിക്കേറ്റ സീതാദേവിയെ(60) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനവ്യൂഹത്തിലുണ്ടായിരുന്ന എസ്.യു.വി ബൈക്കിലിടിച്ചയുടൻ നിയന്ത്രണം വിട്ടു. ബ്രിജ്ഭൂഷന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരിലാണ് എസ്.യു.വിയുടെ രജിസ്ട്രേഷൻ. എസ്.യു.വി പിടിച്ചെടുത്ത പൊലീസ് വാഹനമോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തു. നാലുവാഹനങ്ങളാണ് സംഘത്തിലുണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ നാലു വാഹനങ്ങളടങ്ങിയ കരൺ സിങ്ങിന്റെ വാഹനവ്യൂഹം കർണാൽഗഞ്ച് വഴിയാണ് കടന്നുപോയതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. മൂന്ന് വാഹനങ്ങൾ റെയിൽവേ ക്രോസ് കടന്നുപോകുമ്പോൾ, അപകടത്തിൽപ്പെട്ട നാലാമത്തെ വാഹനം ട്രെയിൻ കടന്നുപോയപ്പോൾ പിന്നിലായി.
ട്രെയിൻ കടന്നുപോയ ശേഷം നാലാമത്തെ വാഹനത്തിൻ്റെ ഡ്രൈവർ മറ്റ് വാഹനങ്ങളുടെ ഒപ്പമെത്താൻ അമിതവേഗതയിലാണ് ഓടിച്ചത്. തുടർന്ന് പെട്രോൾ പമ്പിന് സമീപം എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി എസ്.യു.വി കൂട്ടിയിടിക്കുകയായിരുന്നു. സ്ത്രീ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് യാത്രികൻ വെട്ടിച്ചതാണോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.