ഇൻഡോർ: ഇന്ത്യയിലെ വൃത്തിയുള്ള നഗരം
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം മധ്യപ്രദേശിലെ ഇന്ദോർ. ഉത്തർപ്രദേശിലെ ഗോണ്ടയാണ് ഏറ്റവും വൃത്തിഹീന നഗരം. കേന്ദ്ര സർക്കാറിനുവേണ്ടി ക്വാളിറ്റി കൗൺസിൽ ഒാഫ് ഇന്ത്യ 434 നഗരങ്ങളിൽ നടത്തിയ ‘സ്വച്ഛ് സർവെക്ഷാൻ -2017’ സർവേയിലാണ് വിവരം. കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവാണ് സർവേ ഫലം പുറത്തുവിട്ടത്. ശുചിത്വ കാര്യത്തിൽ പോയവർഷം കാര്യമായ പുരോഗതിയുണ്ടായെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലാണ് ശുചിത്വത്തിെൻറ കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. 2016ൽ മുന്നിലെത്തിയ മൈസൂരു ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയാണ് ആറാം സ്ഥാനത്ത്. ന്യൂഡൽഹി നഗരസഭാ പ്രദേശമാണ് ഏഴാം സ്ഥാനത്ത്.
ഗുജറാത്തിൽനിന്നുള്ള നഗരങ്ങളാണ് ശുചിത്വപട്ടികയിൽ മുന്നിൽ. പട്ടികയിലെ ആദ്യ 50 നഗരങ്ങളിൽ ഗുജറാത്തിെല 12 നഗരങ്ങളുണ്ട്. 11 നഗരങ്ങളുമായി മധ്യപ്രദേശാണ് രണ്ടാമത്. ആന്ധ്രപ്രദേശിൽനിന്ന് എട്ട് നഗരങ്ങളുണ്ട്. പശ്ചിമ ബംഗാൾ സർവേയോട് സഹകരിച്ചില്ല. മുൻവർഷം രണ്ടാം സ്ഥാനത്തായിരുന്ന കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢ് ഇത്തവണ 11ാം സ്ഥാനത്തായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയോജക മണ്ഡലത്തിലുൾപ്പെട്ട വാരാണസി നഗരം ശുചിത്വ പട്ടികയിൽ കുതിച്ചുകയറ്റം നടത്തി. മുൻവർഷം 65ാം സ്ഥാനത്തായിരുന്ന വാരാണസി ഇത്തവണ 32ാം സ്ഥാനത്തെത്തി. മഹാരാഷ്ട്രയിലെ ഭുസാവലാണ് ഗോണ്ടക്കുപുറകെ വൃത്തിഹീന നഗരങ്ങളിൽ രണ്ടാമത്.നഗരപ്രദേശങ്ങളിലെ ശുചിത്വനിലവാരം ഉയർത്തുന്നതിൽ കേരളം, ബിഹാർ, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾ കൂടുതൽ പരിശ്രമം നടത്തണമെന്ന് മന്ത്രി നായിഡു സൂചിപ്പിച്ചു. സർവേയിൽ പെങ്കടുത്ത 18 ലക്ഷം പേരിൽ 80 ശതമാനവും സ്വച്ഛ് ഭാരത് ദൗത്യത്തിെൻറ പ്രവർത്തനങ്ങളിൽ മതിപ്പ് പ്രകടിപ്പിച്ചതായി നഗരവികസന മന്ത്രാലയം അവകാശപ്പെട്ടു. 434 നഗരങ്ങളിലെ 17500 സ്ഥലങ്ങളിലായിരുന്നു സർവേ.
കേരളത്തിന് ശുചിത്വ നഗര പദവികളില്ല
രാജ്യത്ത് അതിവേഗം വളരുന്ന ശുചിത്വനഗരമെന്ന പദവി ഹരിയാനയിലെ ഫരീദാബാദിന്. കേന്ദ്ര സർവേ പ്രകാരം ദേശീയ തലത്തിലും സോണൽ തലത്തിലും കേരളത്തിലെ നഗരങ്ങൾ ശുചിത്വ നഗര പദവിക്ക് അർഹമായില്ല. കേരളം അടങ്ങുന്ന ദക്ഷിണ മേഖലാ തലത്തിൽ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിക്കും ആന്ധ്രപ്രദേശിലെ കാകിനട, വിജയവാഡ, ഒേങ്കാളെ, തെലങ്കാനയിലെ സുര്യാപേട്ട് എന്നിവയാണ് വിവിധ വിഭാഗങ്ങളിലായി ശുചിത്വ പദവി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.