ശുചിത്വ സർവേ: വൃത്തിയിൽ ഒന്നാമൻ ഇന്ദോർ; കേരളം പട്ടികയിലില്ല
text_fieldsന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ തെരഞ്ഞെടുത്തു. തുടർച്ചയായ നാലാം തവണയാണ് ഇന്ദോർ ശുചിത്വ നഗരത്തിനുള്ള ഒന്നാംസ്ഥാനം നേടുന്നത്. വാർഷിക ശുചിത്വ സർവേയിൽ ഗുജറാത്തിലെ സൂറത്ത് രണ്ടാമതും മഹാരാഷ്ട്രയുടെ നവി മുംബൈ മൂന്നാം സ്ഥാനവും നേടി. 129 നഗരങ്ങളുടെ പട്ടികയിൽ ഒരു വിഭാഗത്തിലും കേരളത്തിലെ നഗരങ്ങൾ ഇടം നേടിയില്ല.
'സ്വച്ഛ് സര്‍വേക്ഷണ്‍ -2020' എന്നപേരില്‍ നഗരങ്ങളില്‍ നടത്തിയ സര്‍വേയിൽ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തുന്നതിെൻറ തോത്, ഖരമാലിന്യനിര്‍മാര്‍ജനം, ശുചിത്വപരിശോധന, ജനങ്ങളുടെ അഭിപ്രായം എന്നീകാര്യങ്ങളാണ് മാനദണ്ഡങ്ങളാക്കുന്നത്.
ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ ശുചിത്വത്തിൽ മഹാരാഷ്ട്രയുടെ കാരാഡ് ഒന്നാം സ്ഥാനവും സസ്വാദും ലോണാവാല രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
മൊത്തത്തിലുള്ള ശുചിത്വത്തിെൻറ അടിസ്ഥാനത്തിൽ മികച്ച പ്രകടനം കാഴ്ചെവച്ച സംസ്ഥാനങ്ങളുടെ നൂറിലധികം അർബൻ ലോക്കൽ ബോഡികളുള്ള വിഭാഗത്തിൽ ഛത്തീസ്ഗഢ് രണ്ടാം തവണയും ഒന്നാം സ്ഥാനത്തെത്തി. നൂറിൽ താഴെ അർബൻ ലോക്കൽ ബോഡികളുള്ള വിഭാഗത്തിൽ ഝാർഖണ്ഡ് അവാർഡ് നേടി.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള കേൻറാൺമെൻറ് ബോർഡ് അവാർഡ് പഞ്ചാബിലെ ജലന്ധർ കേൻറാൺമെൻറും മികച്ച ഗംഗാ ടൗൺ അവാർഡും വാരണാസിക്കും ലഭിച്ചു.
40 ലക്ഷത്തിലധികം ജനങ്ങളുള്ള ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അവാർഡ് അഹമ്മദാബാദും 10 ലക്ഷം മുതൽ 40 ലക്ഷം വരെ ജനസംഖ്യയുള്ള നഗര വിഭാഗത്തിൽ വിജയവാഡയും ഒന്നാംസ്ഥാനം നേടി. ഏറ്റവും വേഗത്തിൽ മാറുന്ന നഗരം അവാർഡ് രാജസ്ഥാനിലെ ജോധ്പൂർ നേടി. മികച്ച സ്വയം സുസ്ഥിര നഗര അവാർഡ് ഗുജറാത്തിലെ രാജ്കോട്ട് സ്വന്തമാക്കി. മൂന്ന് ലക്ഷം മുതൽ 10 ലക്ഷം വരെ ജനസംഖ്യയുള്ള വിഭാഗത്തിൽ, ഏറ്റവും വൃത്തിയുള്ള നഗര അവാർഡ് കർണാടകയിലെ മൈസുരുവിന് ലഭിച്ചു.
ഏറ്റവും ശുദ്ധമായ ക്യാപിറ്റൽ സിറ്റി അവാർഡ് ന്യൂഡൽഹിയിലെ ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എൻ.ഡി.എം.സി) നേടി. മികച്ച സ്വയം സുസ്ഥിര തലസ്ഥാന നഗരത്തിനുള്ള പുരസ്കാരം ഭോപ്പാലിനാണ്.
കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സംഘടിപ്പിച്ച 'സ്വച്ഛ് മഹോത്സവ്' എന്ന വെർച്വൽ പ്രോഗ്രാമിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾക്കും 129 നഗരങ്ങൾക്കുമുള്ള അവാർഡ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.