സ്വാമി അഗ്‌നിവേശിനുനേരെ ഝാർഖണ്ഡിൽ യുവമോർച്ച-എ.ബി.വി.പി ആക്രമണം
text_fieldsപാകുർ (ഝാർഖണ്ഡ്): പ്രമുഖ സാമൂഹിക പ്രവർത്തകൻ സ്വാമി അഗ്‌നിവേശിനുനേരെ യുവമോർച്ച-എ.ബി.വി.പി പ്രവർത്തകരുടെ ആക്രമണം. ഝാർഖണ്ഡിലെ പാകുറിൽ ‘ദാമിൻ മഹോത്സവ’ത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു 78കാരനായ സ്വാമി. വേദിവിട്ട് ഇറങ്ങിയ ഉടനായിരുന്നു ആക്രമണം. അഗ്നിവേശ് താമസിച്ച ഹോട്ടലിന് പുറത്താണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുണ്ട്.
യാതൊരു പ്രകോപനവുമുണ്ടായിരുന്നില്ലെന്നും താൻ ഹിന്ദുക്കൾക്കെതിരെ സംസാരിക്കുന്നുവെന്ന് ആരോപിച്ച് മർദനം അഴിച്ചുവിടുകയായിരുന്നെന്നും അഗ്നിവേശ് പറഞ്ഞു. ഝാർഖണ്ഡ് പ്രശ്നങ്ങളില്ലാത്ത സംസ്ഥാനമാണെന്നായിരുന്നു ധാരണ. അത് ഇൗ സംഭവത്തോടെ മാറിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആൾക്കൂട്ടം സ്വാമി അഗ്നിവേശിനും ഒപ്പമുള്ളവർക്കുമെതിരെ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുദ്രാവാക്യമുയർത്തി, കരിെങ്കാടിയുമായാണ് അക്രമിസംഘം എത്തിയത്. അഗ്നിവേശ് മർദനമേറ്റ് തറയിൽ വീണിട്ടും ഇവർ പിൻവാങ്ങിയില്ല. സംഭവത്തിൽ 20 പേരെ കസ്റ്റഡിയിലെടുത്തു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അഗ്നിവേശിെൻറ പരിപാടി സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.
ആക്രമണം അന്വേഷിക്കാൻ ഝാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് ഉത്തരവിട്ടു. സ്ഥലത്ത് പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ലെന്ന് അഗ്നിവേശ് പറഞ്ഞു. ഉടൻ സ്ഥലത്തെത്താനുള്ള തെൻറ അഭ്യർഥന സ്ഥലം എസ്.പിയും മജിസ്ട്രേറ്റും അവണിച്ചു. കുറ്റവാളികളുടെ ദൃശ്യങ്ങൾ ലഭ്യമാണ്. അവർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണത്തിൽ പാർട്ടി പ്രവർത്തകർക്ക് പങ്കില്ലെന്ന് പറഞ്ഞ സംസ്ഥാന ബി.ജെ.പി വക്താവ് പി. ഷാദിയോ, സ്വാമി അഗ്നിവേശിെൻറ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ, ഇത്തരം പ്രതികരണങ്ങൾക്കുള്ള സാധ്യത തള്ളാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.
ബി.ജെ.പി ഒറ്റപ്പെട്ടു പോയതിെൻറ വെപ്രാളമെന്ന് കെ.പി.എ. മജീദ്
കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്‌നിവേശിനുനേരെ ഝാര്‍ഖണ്ഡിലെ പാക്കൂറില്‍ പട്ടാപ്പകല്‍ സംഘ്പരിവാർ നടത്തിയ ആക്രമണം ഞെട്ടലുളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ജനദ്രോഹ നയത്തെ തുടര്‍ന്ന് പൊതുതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉറപ്പായ ബി.ജെ.പി തീര്‍ത്തും ഒറ്റപ്പെട്ടുപോയതിെൻറ വെപ്രാളമാണ് ഇതിലൂടെ പ്രകടമാകുന്നത്.
വിദ്വേഷത്തിെൻറയും ഭിന്നിപ്പിെൻറയും രാഷ്ട്രീയത്തിലൂടെ അധികാരത്തിലേറി കോർപറേറ്റ് കുത്തകകള്‍ക്ക് ദാസ്യവേല ചെയ്യുന്ന കേന്ദ്ര ഭരണകൂടത്തെ രക്ഷിച്ചെടുക്കാന്‍ നടത്തുന്ന അക്രമങ്ങളെ അംഹിസയിലും ജനാധിപത്യത്തിലും ഊന്നിയ പ്രതിരോധത്തിലൂടെ രാജ്യത്തെ പൗരന്മാര്‍ ചെറുത്തുതോൽപിക്കുമെന്നും മജീദ് മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ എം.പിയുടെ ഓഫിസ് ആക്രമിച്ചവരെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.