സ്വന്തമായി ‘ഹിന്ദു രാജ്യം സ്ഥാപിച്ച്’ ആൾദൈവം നിത്യാനന്ദ
text_fieldsബംഗളൂരു: സ്വയം പ്രഖ്യാപിത ഹിന്ദു രാജ്യവുമായി ബലാത്സംഗ, പീഡന, ക്രിമിനൽ കേസുകളിലെ പ്രതിയായ വിവാദ ആൾദൈവം നിത്യാനന്ദ. മധ്യ അമേരിക്കയിലെ എക്വഡോറിൽ സ്വന്തമായി വിലക്കുവാങ്ങിയ സ്വകാര്യ ദ്വീപാണ് കൈലാസം എന്ന ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിെൻറ സ്ഥാപകനും ഭരണാധികാരിയുമായി ഭഗവാൻ നിത്യാനന്ദ പരമശിവത്തെ അവരോധിച്ചുകൊണ്ട് കൈലാസ എന്നപേരിലുള്ള വെബ്സൈറ്റിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.
ഭൂമിയിലെ ഏറ്റവും മഹത്കരമായ ഹിന്ദു രാഷ്ട്രം എന്നതാണ് നിത്യാനന്ദയുടെ കൈലാസത്തെ വിശേഷണം. സ്വന്തമായി പതാകയും ചിഹ്നവും രണ്ടുനിറത്തിലുള്ള പാസ്പോർട്ടും തെൻറ അനുയായികളായ പത്തുപേരടങ്ങിയ മന്ത്രിസഭയും വരെ ഹിന്ദു പരമാധികാര റിപ്പബ്ലിക്കായ കൈലാസത്തിൽ നിത്യാനന്ദ രൂപവത്കരിച്ചുവെന്നാണ് റിപ്പോർട്ട്. ഹിന്ദു രാജ്യത്തിൽ നിത്യാനന്ദ ഭഗവാൻ പരമശിവനായാണ് അറിയപ്പെടുന്നത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം, വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ കേസുകളിലൊക്കെ പ്രതിയായ നിത്യാനന്ദ 2018 അവസാനത്തോടെ രാജ്യം വിട്ടുവെന്നാണ് കർണാടക പൊലീസിന് ലഭിച്ച വിവരം. ഏറ്റവും ഒടുവിലായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് അന്വേഷണം നേരിടുന്നത്. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയാകുന്നതും 2000ത്തിെൻറ തുടക്കത്തിൽ ബംഗളൂരുവിനടുത്ത് ആശ്രമം തുടങ്ങുന്നതും. ഇന്ത്യൻ പാസ്പോർട്ടിെൻറ കാലാവധി തീർന്നതോടെ വെനിസ്വേലൻ വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിട്ടുവെന്നാണ് റിപ്പോർട്ട്. ഇതിനിടയിലാണ് ഹിന്ദു രാജ്യം തന്നെ സ്ഥാപിച്ചുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.
ദ്വീപിലിരിക്കുന്ന നിത്യാനന്ദയുടെ ചിത്രവും വെബ്സൈറ്റിലുണ്ട്. സ്വന്തം രാജ്യങ്ങളിൽ ഹിന്ദുത്വം ശരിയായി തുടരാൻ കഴിയാത്ത ഹിന്ദുക്കൾക്കുവേണ്ടിയാണ് അതിരുകളില്ലാത്ത പരമാധികാര ഹിന്ദു രാഷ്ട്രം ഉണ്ടാക്കിയതെന്നാണ് അവകാശം. ഭൂമിയിലെ ഏറ്റവും മഹത്കരമായ ഹിന്ദു രാഷ്ട്രത്തിലേക്ക് എല്ലാ ഹിന്ദുക്കളെയും നിത്യാനന്ദ സ്വാഗതം ചെയ്യുന്നുണ്ട്. രാജ്യത്തിെൻറ പൗരത്വമെടുക്കാനും സംഭാവന ചെയ്യാനും വെബ്സൈറ്റിൽ ക്ഷണമുണ്ട്. സ്വന്തമായി വിലക്കുവാങ്ങിയ ദ്വീപിനെ രാജ്യമായി ചിത്രീകരിച്ച് ശ്രദ്ധനേടാനാണ് നിത്യാനന്ദയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ.
നിത്യാനന്ദയുടെ കൈലാസത്തിൽ ആഭ്യന്തരം, പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, വിദേശകാര്യം തുടങ്ങിയ വകുപ്പ് മന്ത്രിമാരും ഉപമുഖ്യമന്ത്രിയും ചുമതലയേറ്റിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നിവയാണ് കൈലാസത്തിലെ ഒൗദ്യോഗിക ഭാഷകളെന്നും പത്തുകോടിയിലധികം ശൈവരാണ് രാജ്യത്തുള്ളതെന്നും സനാതന ഹിന്ദുധർമമാണ് രാജ്യത്തിലെ മതമെന്നും വെബ്സൈറ്റിൽ അവകാശപ്പെടുന്നുണ്ട്.
കൈലാസത്തെ വീണ്ടെടുത്തയാൾ എന്നാണ് നിത്യാനന്ദയെ വിശേഷിപ്പിച്ചിരിക്കുന്നത്. കൈലാസത്തിലെ നിയമകാര്യ വിഭാഗം സമ്പൂർണ രാഷ്ട്ര പദവി നൽകാൻ ഐക്യരാഷ്ട്രസഭക്ക് നിവേദനം നൽകുമെന്നും വെബ്സൈറ്റിൽ പറയുന്നുണ്ട്.
എന്തായാലും കൈലാസത്തെയും നിത്യാനന്ദയെയും പൊലീസ് നിരീക്ഷിച്ചുവരുകയാണ്. മധ്യഅമേരിക്കൻ രാജ്യമായ ബെലിസിൽ പൗരത്വം നേടാൻ നിത്യാനന്ദ ശ്രമിക്കുന്നുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. https://kailaasa.org എന്ന വെബ്സൈറ്റിലാണ് പുതിയ രാജ്യത്തക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.