നാക്കറുക്കുമെന്ന് പറഞ്ഞ സന്യാസിമാർ പിശാചുകളും ആരാച്ചാരുമാണെന്ന് എസ്.പി നേതാവ് സ്വാമി പ്രസാദ് മൗര്യ
text_fieldsലക്‌നൗ: തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിനെതിരായ വിവാദ പ്രസ്താവനക്ക് പിന്നാലെ തന്നെ ഭീഷണിപ്പെടുത്തിയ സന്യാസിമാർക്കെതിരെ പ്രതികരണവുമായി ഉത്തർപ്രദേശ് മുൻ മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ സ്വാമി പ്രസാദ് മൗര്യ. തന്‍റെ നാക്കറുക്കുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാർ പിശാചുകളും ആരാച്ചാരുമാണെന്നായിരുന്നു മൗര്യയുടെ പരാമർശം.
'എന്റെ കഴുത്തും നാവും അറുക്കുമെന്ന് ഭീഷണിപ്പെടുത്തിയവർ സന്യാസിമാരോ ഒരു പ്രത്യേക ജാതിയിൽ നിന്നുള്ളവരോ ആയിരുന്നു. മറ്റേതെങ്കിലും മതത്തിൽപ്പെട്ടയാളിൽ നിന്ന് ഇതേ ഭീഷണിയുണ്ടായിരുന്നെങ്കിൽ അവനെ തീവ്രവാദി എന്ന് അവർ വിളിക്കുമായിരുന്നു. എന്റെ നാവും കഴുത്തും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സന്യാസിമാർ തീവ്രവാദികളല്ല, മറിച്ച് പിശാചുക്കളും ആരാച്ചാരുമാണ്. അവർ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന മതത്തിൽ വിശ്വസിച്ചിരുന്നെങ്കിൽ, അവർക്ക് അത്തരം കാര്യങ്ങൾ പറയാനാവില്ല' -സ്വാമി പ്രസാദ് മൗര്യ ചൂണ്ടിക്കാട്ടി.
2016ൽ ബി.എസ്.പി ദേശീയ സെക്രട്ടറിയായിരിക്കെ പദവി രാജിവെച്ച് മൗര്യ ബി.ജെ.പിയിൽ ചേർന്നിരുന്നു. തുടർന്ന് യോഗി സർക്കാരിൽ മന്ത്രിയായിരുന്ന മൗര്യ, നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2022 ജനുവരിയിലാണ് ബി.ജെ.പി വിട്ട് സമാജ് വാദി പാർട്ടിയിൽ ചേർന്നത്. യോഗി ആദിത്യനാഥ് സർക്കാറിനെക്കാൾ മികച്ചത് മായാവതിയുടെ ഭരണമാണെന്ന് മൗര്യ നടത്തിയ പ്രസ്താവന ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ബി.ജെ.പിയുടെ ശവപ്പെട്ടിയിൽ അവസാന ആണി അടിക്കുമെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹം ബി.ജെ.പി ബന്ധം അവസാനിപ്പിച്ചത്.
യു.പിയിലെ പ്രമുഖ ഒ.ബി.സി നേതാവായ മൗര്യ വിവാദ പ്രസ്താവനയിലൂടെ മുമ്പും വാർത്തകളിൽ ഇടംപിടിച്ച ആളാണ്. മുമ്പ് തുളസീദാസ് രചിച്ച 'രാമചരിതമാനസ'ത്തിലെ ചില ഭാഗങ്ങൾ വലിയൊരു വിഭാഗം ജനങ്ങളെ ജാതി അടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നതാണെന്നും അതിനാൽ ഗ്രന്ഥം നിരോധിക്കണമെന്നും ആവശ്യപ്പെട്ടുള്ള മൗര്യയുടെ പ്രസ്താവന വിവാദത്തിൽ കലാശിച്ചിരുന്നു. ജാതി, വർണം, വർഗം എന്നിവ അടിസ്ഥാനമാക്കി ഏതെങ്കിലുമൊരു വിഭാഗത്തിന് അവഹേളനമായി തോന്നിയാൽ ആ കൃതി ധർമ്മമല്ല അധർമ്മമാണെന്നും മൗര്യ പറഞ്ഞു. 'രാമചരിതമാനസ'ത്തിനെതിരായ പരാമർശത്തിൽ മൗര്യക്കെതിരെ കേസെടുത്തിരുന്നു.
2017 ഏപ്രിലിൽ മുത്തലാഖ് വിഷയത്തിൽ യു.പി മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യയുടെ പരാമർശം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ഭാര്യയെ മാറ്റാനും ആസക്തി പൂർത്തീകരണത്തിനുമാണ് മുസ്ലിംകൾ മുത്തലാഖിനെ ഉപയോഗിക്കുന്നതെന്നായിരുന്നു പരാമർശം. മുത്തലാഖിന് അടിസ്ഥാനമില്ലെന്നും അകാരണമായും ഏകപക്ഷീയമായും തലാഖ് ചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകൾക്കൊപ്പമാണ് ബി.ജെ.പിയെന്നും മൗര്യ പറഞ്ഞിരുന്നു.
2018 മെയിൽ പാകിസ്താൻ സ്ഥാപകൻ മുഹമ്മദലി ജിന്നയെ മഹാപുരുഷനെന്ന് പ്രകീർത്തിച്ച് മൗര്യ രംഗത്തുവന്നിരുന്നു. പാകിസ്താൻ രൂപീകരണത്തിന് മുമ്പ് ഇന്ത്യക്ക് വേണ്ടി പ്രവർത്തിച്ചയാളായ ജിന്നക്കെതിരെ വിരൽ ചൂണ്ടുന്നത് നാണക്കേടാണെന്നും മൗര്യ പറഞ്ഞിരുന്നു. അലിഗഢ് മുസ്ലിം സർവകലാശാലയിൽ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദർശിപ്പിച്ചതിൽ ബി.ജെ.പി എം.പി സതീഷ് ഗൗതം പ്രതിഷേധിച്ചതിന് പിന്നാലെയാണ് മൗര്യ പാർട്ടി എം.പിക്കെതിരെ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.