സ്വാതി മലിവാൾ കേസ്: ബിഭവ് കുമാർ അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ചെന്ന കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിനെ കോടതി അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച അറസ്റ്റിലായ ബിഭവിനെ രാത്രിയോടെയാണ് ഡൽഹി തീസ് ഹസാർ കോടതിയിൽ ഹാജരാക്കിയത്.
ബിഭവ് കുമാർ മൊബൈൽ ഫോൺ പാസ്വേഡ് നൽകിയിട്ടില്ലെന്നും തകരാറിലായ ഫോൺ മുംബൈയിൽ ഫോർമാറ്റ് ചെയ്തുവെന്നാണ് പറയുന്നതെന്നും കസ്റ്റഡി അപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ പൊലീസ് കോടതിയെ അറിയിച്ചു. ഡേറ്റ വീണ്ടെടുക്കാൻ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോകേണ്ടതുണ്ട്. സ്വാതി മലിവാളിന് ക്രൂരമർദനം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അന്വേഷണത്തിനായി ഏഴു ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് കോടതി അഞ്ച് ദിവസം കസ്റ്റഡിയിൽ വിടുകയായിരുന്നു.
ബിഭവിനെ 24 മണിക്കൂറിലൊരിക്കൽ വൈദ്യ പരിശോധനക്ക് വിധേയനാക്കണമെന്നും അന്വേഷണത്തിന്റെ പേരിൽ ദേഹോപദ്രവം ഏൽപിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും അര മണിക്കൂർ ഭാര്യയുമായും അഭിഭാഷകനുമായും കൂടിക്കാഴ്ച നടത്താം. അവശ്യ മരുന്നുകൾ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു. കെജ്രിവാളിന്റെ വസതിയിൽനിന്നാണ് ബിഭവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മേയ് 13ന് കെജ്രിവാളിനെ കാണാനെത്തിയ തന്നെ ബിഭവ് ക്രൂരമായി മർദിച്ചെന്നാണ് സ്വാതി മലിവാളിന്റെ പരാതി.
അതിനിടെ, കെജ്രിവാളിന്റെ വസതിയിലെ സി.സി ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് ഡൽഹി പൊലീസ് പിടിച്ചെടുത്തതായും പാർട്ടിയുടെ പ്രതിഛായ തകർക്കാൻ പൊലീസ് കഥകൾ മെനയുകയാണെന്നും ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സ്വാതിയുടെ പരാതിയിൽ രജിസ്റ്റർചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് മാധ്യമങ്ങൾക്കടക്കം നൽകിയിട്ടും ആരോപണ വിധേയനായ ബിഭവിന് നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഡൽഹി പൊലീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.
നിയമന തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി സ്വാതി മലിവാളിനെ ബി.ജെ.പി ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ആപ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു. വസ്ത്രങ്ങൾ കീറിയതായും കാലിനും തലക്കും പരിക്കേറ്റതായുമുള്ള സ്വാതിയുടെ പരാതി തെറ്റാണെന്ന് തെളിയിക്കുന്ന വിഡിയോയും ആപ് പുറത്തുവിട്ടിരുന്നു.
നിർഭയക്കുവേണ്ടി തെരുവിലറങ്ങിയവർ ഇന്ന് പ്രതിക്ക് വേണ്ടി സമരം ചെയ്യുന്നു –സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബിഭവ് കുമാറിന്റെ അറസ്റ്റിനെതിരെ ആം ആദ്മി പാർട്ടി പ്രതിഷേധിച്ചതിൽ വിമർശനവുമായി രാജ്യസഭ എം.പി സ്വാതി മലിവാൾ. നിർഭയക്ക് നീതി ലഭിക്കാൻ തെരുവിലിറങ്ങിയ ഒരു കാലമുണ്ടായിരുന്നു, 12 വർഷത്തിനുശേഷം ഇന്ന് സി.സി.ടി.വി ദൃശ്യങ്ങൾ മായ്ക്കുകയും ഫോൺ ഫോർമാറ്റ് ചെയ്യുകയും ചെയ്ത പ്രതിയെ രക്ഷിക്കാൻ വേണ്ടി അവർ തെരുവിൽ ഇറങ്ങിയിരിക്കുകയാണ്. മനീഷ് സിസോദിയയുടെ ജയിൽ മോചനത്തിനായി അവർ കഠിനമായി ശ്രമിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുകയാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും അവർ എക്സിൽ കുറിച്ചു. കെജ്രിവാളിന്റെ വസതിയിൽവെച്ച് മർദനമേറ്റെന്ന സ്വാതിയുടെ പരാതിയിൽ ശനിയാഴ്ചയാണ് ബിഭവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ ബിഭവിനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സ്വാതിയുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ആം ആദ്മി പാർട്ടി വ്യാജ കേസിൽ കെജ്രിവാളിനെ കുരുക്കാൻ ബി.ജെ.പിക്കു വേണ്ടി അവർ പ്രവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. 10 വർഷം മുമ്പ് ‘ആപ്’ സ്ഥാപിതമായതു മുതൽ പാർട്ടിക്കൊപ്പമുള്ള സ്വാതി അകലുന്നുവെന്ന് സൂചനകൾ നൽകുന്നതാണ് പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.