ഏഴെട്ടു തവണ കരണത്തടിച്ചു, നെഞ്ചത്തും വയറ്റിലും ചവിട്ടി; ബൈഭവ് കുമാറിനെതിരായ സ്വാതിയുടെ മൊഴി പുറത്ത്
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സനൽ അസിസ്റ്റന്റ് ബൈഭവ് കുമാറിൽ നിന്ന് സ്വാതി മലിവാൾ നേരിട്ടത് ക്രൂരമായ പീഡനമാണെന്ന് പൊലീസ് എഫ്.ഐ.ആർ. ഏഴെട്ടു തവണ കരണത്തടിക്കുകയും മുടി ചുരുട്ടിപ്പിടിച്ച് തറയിലൂടെ വലിച്ചിഴച്ച് വയറ്റിലും നെഞ്ചത്തും ഇടുപ്പിലും ചവിട്ടി. കെജ്രിവാളിന്റെ ഒൗദ്യോഗിക വസതിയിലെ ഡ്രോയിങ് റൂമിൽ വെച്ചാണ് സ്വാതി ക്രൂരമായ മർദനത്തിരയായത്. ആ സമയത്ത് വീട്ടിൽ കെജ്രിവാൾ ഉണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നുണ്ട്.
ഫ്ലാഗ് സ്റ്റാഫ് റോഡിലെ കെജ്രിവാളിന്റെ വീട്ടിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സ്വാതി എത്തിയത്. മുഖ്യമന്ത്രിയുടെ സഹായിയെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ഒരു പ്രതികരണവുമുണ്ടായില്ല. കെജ്രിവാളിനെ കാത്ത് സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ബൈഭവ് കുമാർ അവിടേക്ക് കടന്നുവന്നു. സ്വാതിയുടെ മുടി ചുരുട്ടിപ്പിടിച്ച് മേശയിൽ ഇടിച്ചു. സ്വീകരണ മുറിയിലൂടെ വലിച്ചിഴച്ചു. ആർത്തവ ദിനം കൂടിയായിരുന്നതിനാൽ കടുത്ത വേദനയുണ്ടെന്നും മർദിക്കരുതെന്ന് അപേക്ഷിച്ചിട്ടും ബൈഭവ് മർദനം തുടർന്നു. ബഹളം വെച്ചിട്ടും ഒരു കാര്യവുമുണ്ടായില്ല. ഞങ്ങളിത് കൈകാര്യം ചെയ്തോളാം എന്നായിരുന്നു ബൈഭവിന്റെ മറുപടി.
ഒരു പ്രകോപനവുമില്ലാതെയാണ് ബൈഭവ് ആക്രമിച്ചത്. ഒരുഘട്ടത്തിൽ സ്വയം പ്രതിരോധത്തിനായി ബൈഭവിന് കാലുകൾ കൊണ്ട് തള്ളിമാറ്റി. അപ്പോൾ മനപൂർവം ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ചുവെന്നും സ്വാതിയുടെ മൊഴിയിലുണ്ട്. സംഭവിച്ചതിന്റെ കടുത്ത ആഘാതത്തിലായിരുന്നു ഞാൻ. തുടർന്ന് 112ൽ വിളിച്ച് സംഭവം റിപ്പോർട്ട് ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ സ്വാതിയെ മർദിക്കുന്നത് തടയുന്നതിന് പകരം ബൈഭവിന്റെ നിർദേശമനുസരിച്ച് പുറത്താക്കുകയായിരുന്നു.
പൊലീസിനെ കാത്തുനിൽക്കാൻ പോലും സമ്മതിക്കാതെ അവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കിയെന്നും സ്വാതി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി പൊലീസ് അകമ്പടിയോടെ സ്വാതി എയിംസിലെ ട്രോമ സെന്ററിൽ വൈദ്യ പരിശോധനക്ക് പോയിരുന്നു. ബൈഭവ് കുമാർ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഊർജിതമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരണമാണ് സ്വാതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.