എ.എ.പി മൂന്നോ നാലോ പേരുടേതല്ല, ആരോടും വ്യക്തിവിരോധമില്ല; പാർട്ടി വിടില്ലെന്ന് സ്വാതി മലിവാൾ
text_fieldsന്യൂഡൽഹി: ആം ആദ്മി പാർട്ടി വിടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് രാജ്യസഭാംഗം സ്വാതി മലിവാൾ. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എയിൽനിന്ന് അതിക്രമം നേരിട്ടെന്ന് പരാതി നൽകിയതിനു പിന്നാലെ, തന്നെ ബി.ജെ.പി ഏജന്റായി ചിത്രീകരിച്ച് അപമാനിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്. ആത്മാർഥതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് എം.പിയായത്. എ.എ.പി മൂന്നോ നാലോ ആളുകളുടെ മാത്രം പാർട്ടിയല്ലെന്നും, പാർട്ടിയിൽ താൻ തുടരുമെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
“എൻജിനീയറായിരുന്ന ഞാൻ 2006ൽ ജോലി ഉപേക്ഷിച്ച് കെജ്രിവാളിനൊപ്പം മുഴുവൻ സമയ സന്നദ്ധ പ്രവർത്തകയായി. അണ്ണാ ഹസാരെ പ്രസ്ഥാനത്തിൽ കോർ കമ്മിറ്റി അംഗമായിരുന്നു. പാർട്ടി സ്ഥാപിക്കാനായി എന്റെ ചോരയും നീരും നൽകി. ആത്മാർഥതയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് എം.പിയായത്. പാർട്ടിയിൽ ആരോടും എനിക്ക് വ്യക്തിവിരോധമില്ല. എനിക്ക് അതിക്രമം നേരിടേണ്ടിവന്നത് എന്തുകൊണ്ടാണെന്ന് ഡൽഹി പൊലീസ് അന്വേഷിക്കും. എ.എ.പി മൂന്നോ നാലോ ആളുകളുടെ മാത്രം പാർട്ടിയല്ല. എന്റെ കൂടി പാർട്ടിയായതിനാൽ, ഞാൻ എ.എ.പിയിൽ തുടരും” -സ്വാതി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വസതിയിൽ അനുമതിയില്ലാതെ കയറിയെന്ന വാദത്തെ സ്വാതി തള്ളിക്കളഞ്ഞു. “സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിക്കാതെ ആർക്കും മുഖ്യമന്ത്രിയുടെ വസതിയിൽ പ്രവേശിക്കാനാവില്ല. അവരോട് മല്ലിട്ടല്ല അവിടെയെത്തിയത്. അതിക്രമിച്ചു കയറിയതാണെങ്കിൽ ഡ്രോയിങ് റൂം വരെ എങ്ങനെ എത്താനാകും? ജയിലിൽനിന്നും ഇറങ്ങിയ ശേഷം എല്ലാ നേതാക്കളും മുഖ്യമന്ത്രിയെ പോയി കാണുകയായിരുന്നു. ഞാൻ അദ്ദേഹത്തെ അഭിവാദ്യം ചെയ്യാനും പിന്തുണ നൽകാനുമാണ് വീട്ടിൽ പോയത്. കാരണം ഞാൻ 2006 മുതൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന ഒരാളാണ്. ജയിലിൽ അദ്ദേഹം നേരിട്ട ആഘാതത്തെക്കുറിച്ച് സംസാരിക്കാനും എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെപ്പറ്റി പറയാനുമായിരുന്നു കൂടിക്കാഴ്ച.
അതിക്രമത്തിനു പിന്നാലെ മൂന്നു ദിവസം എ.എ.പി നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്നും, പരാതി നൽകിയാൽ ബി.ജെ.പി ഏജന്റായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വാതി മലിവാൾ പറഞ്ഞു. അതിക്രമം നടന്ന ദിവസം എ.എ.പി എം.പി സഞ്ജയ് സിങ് തന്നെ കാണാനെത്തിയിരുന്നു. പിന്നാലെ കെജ്രിവാളിനെയും അദ്ദേഹത്തിന്റെ പി.എ ബൈഭവിനെയും സഞ്ജയ് സിങ് കണ്ടു. അതിക്രമം നടന്നെന്ന് മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം പറയുകയും ചെയ്തതാണ്. എന്നാൽ തൊട്ടടുത്ത ദിവസം കെജ്രിവാളിനൊപ്പം വീണ്ടും ബൈഭവിനെ കണ്ടു. കെജ്രിവാൾ ബൈഭവിന് ഇപ്പോഴും പിന്തുണ നൽകുകയാണ്. മുഖ്യമന്ത്രിയുടെ വീട്ടിൽ വച്ചാണ് തനിക്ക് മർദ്ദനമേറ്റതെന്നും അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകാൻ കഴിയില്ലെന്നും സ്വാതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.