തന്നെ മർദിക്കുമ്പോൾ കെജ്രിവാൾ വീട്ടിലുണ്ടായിരുന്നു; രാജ്യസഭ എം.പി സ്ഥാനം രാജിവെക്കില്ല -സ്വാതി മലിവാൾ
text_fieldsന്യൂഡൽഹി: മേയ് 13ന് ബൈഭവ് കുമാർ തന്നെ മർദിക്കുമ്പോൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന വാദത്തിൽ ഉറച്ച് എ.എ.പിയുടെ രാജ്യസഭ എം.പി സ്വാതി മലിവാൾ. എന്നാൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ സ്വാതിയെ പി.എ മർദിച്ചുവെന്ന് പറയുന്ന ദിവസം താൻ വീട്ടിലുണ്ടായിരുന്നില്ല എന്നാണ് കെജ്രിവാൾ പറഞ്ഞത്. എന്നാൽ ഇത് അസത്യമാണെന്നാണ് സ്വാതി എൻ.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
''മേയ് 13ന് രാവിലെ ഒമ്പതു മണിയോടെയാണ് ഞാൻ കെജ്‍രിവാളിന്റെ വീട്ടിലെത്തിയത്. സ്വീകരണ മുറിയിലിരിക്കണമെന്നും കെജ്രിവാൾ അങ്ങോട്ടുവരുമെന്നുമാണ് അവിടത്തെ ജീവനക്കാർ അറിയിച്ചത്. ആ സമയത്താണ് ബൈഭവ് എന്നെ മുറിയിലിട്ട് വലിച്ചിഴച്ചത്. എന്താണ് പ്രശ്നമെന്ന് അരവിന്ദ് ജി ഇപ്പോൾ എന്നെ കാണാൻ വരുമെന്നും ഞാൻ ബൈഭവിനോട് പറഞ്ഞു. അപ്പോൾ അയാൾ എന്നെ മർദിക്കാൻ തുടങ്ങി. ഏഴെട്ടു തവണ അടിച്ചു. തള്ളിമാറ്റാൻ ശ്രമിച്ചപ്പോൾ അയാെളന്നെ തറയിലൂടെ വലിച്ചിഴച്ചു. എെന്റ തല അവിടെയുണ്ടായിരുന്ന കസേരയിൽ ഇടിച്ചു. നിലത്തുവീണപ്പോൾ എന്നെ ചവിട്ടി. പേടിച്ചു ഉറക്കെ കരഞ്ഞെങ്കിലും ആരും സഹായത്തിന് എത്തിയില്ല.''-സ്വാതി പറഞ്ഞു.
എന്നെ സഹായിക്കാൻ ആരും വരാതിരുന്നതിൽ അദ്ഭുതം തോന്നി. ആരുടെയെങ്കിലും നിർദേശമനുസരിച്ചാണോ അയാൾ അങ്ങനെ ചെയ്തത് എന്നത് അന്വേഷിക്കേണ്ടതാണ്. ഏതുതരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും സ്വാതി പറഞ്ഞു.
ആർക്കും ക്ലീൻ ചിറ്റ് നൽകാൻ തയാറല്ല. എന്നെ മർദിക്കുമ്പോൾ കെജ്രിവാൾ വീട്ടിലുണ്ടായിരുന്നു എന്നത് സത്യമാണെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. മര്യാദക്ക് ചോദിച്ചാൽ എന്റെ ജീവൻ തന്നെ നൽകാൻ തയാറാണ്. എം.പി സ്ഥാനം എന്നത് വളരെ ചെറുതായ ഒന്നാണ്. 2006ൽ എൻജിനീയറിങ് ജോലി ഉപേക്ഷിച്ചാണ് ഞാൻ എ.എ.പിയിൽ ചേർന്നത്. താഴെത്തട്ടിൽ നിന്ന് പാർട്ടിക്കായി പ്രവർത്തിച്ചു. ഒരു പദവി പോലും ആഗ്രഹിച്ചിട്ടില്ല. ആ എന്നെയാണ് നിർദയം മർദിച്ചത്. എന്തുവന്നാലും എം.പി സ്ഥാനം ഒഴിയില്ല. ഒരു നല്ല പാർലമെന്റേിയനാകാൻ പരമാവധി പ്രവർത്തിച്ചു.-എന്നായിരുന്നു രാജ്യസഭ എം.പി സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് സ്വാതിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.