ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ കാൽതൊട്ട് വന്ദനം; മധുരം വിതരണം ചെയ്ത് ആഘോഷം
text_fields2002 ലെ ഗുജറാത്ത് കലാപത്തിനിടക്ക് കൂട്ടബലാത്സംഗവും കൂട്ടക്കൊലയും നടത്തിയ പ്രതികളെ ഗുജറാത്ത് സർക്കാർ വെറുതെവിട്ട അടുത്ത ദിവസം തന്നെ ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്ത്. വെറുതെവിട്ട പ്രതികൾക്ക് മധുരം നൽകുന്നതും അവരുടെ കാൽതൊട്ട് വന്ദിക്കുന്നതുമടക്കമുള്ള വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
പ്രമാദമായ ബിൽക്കീസ് ബാനു കേസിലെ പ്രതികളെയാണ് കഴിഞ്ഞ ദിവസം വെറുതെവിട്ടത്. കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പതിനൊന്ന് പ്രതികളെയാണ് ഗുജറാത്ത് സർക്കാർ വെറുതെ വിട്ടത്.
2002 ലെ ഗുജറാത്ത് കലാപക്കേസുകളിൽ ഏറ്റവും അധികം രാജ്യശ്രദ്ധനേടിയ കേസുകളിലൊന്നായിരുന്നു ബിൽകീസ് ബാനു കേസ്. ഗർഭിണിയായ 21 കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബൽകീസ് ബാനുവിന്റെ പിഞ്ചുമോളും ഉണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചു എന്നു കരുതിയാണ് അക്രമി സംഘം സ്ഥലം വിട്ടത്.
സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് സി.ബി.ഐ അന്വേഷിച്ച കേസാണ് ബിൽകീസ് ബാനു കേസ്. 2008 ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. തെളിവുകളുടെ അഭാവം ചൂണ്ടികാണിച്ച് ഏഴു പ്രതികളെ വെറുതെ വിടുകയും ചെയ്തു. പിന്നീട്, ബോംബെ ഹൈകോടതി 11 പേരുടെ ശിക്ഷ ശരിവെക്കുകയും ഏഴു പേരെ വെറുതെ വിട്ട നടപടി റദ്ദാക്കുകയും ചെയ്തു.
തുടർന്നാണ്, കുറ്റവാളികൾ സുപ്രീം കോടതിയെ സമീപിച്ചത്. ഗുജറാത്ത് സർക്കാറിനോട് തീരുമാനമെടുക്കാൻ ആവശ്യപ്പെടുകയാണ് സുപ്രീം കോടതി ചെയ്തത്. ഗുജറാത്ത് സർക്കാർ അതിനായി ഒരു സമിതിയെ നിയമിക്കുകയും പ്രതികളെ മോചിപ്പിക്കാൻ സമിതി ഐകകണ്ഠ്യേന തീരുമാനമെടുക്കുകയുമായിരുന്നു.
ഇരകൾക്ക് നിയമവ്യവസ്ഥയിലുള്ള പ്രതീക്ഷ നഷ്ടപ്പെടുത്തുന്ന നടപടിയാണിതെന്ന് പ്രതികളുടെ മോചനത്തെ കുറിച്ച് മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഷംഷാദ് പത്താൻ പ്രതികരിച്ചു. ജയിലിൽ നിന്ന് മോചിപ്പിക്കുന്നത് സംബന്ധിച്ച് നിലവിലുള്ള കേന്ദ്ര മാർഗ നിർദേശം മറികടന്നാണ് ബിൽകീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചിരിക്കുന്നത്. ബലാത്സംഗ കേസിലെ പ്രതികൾക്ക് പ്രത്യേക മോചന ഇളവുകൾക്ക് അർഹതയില്ലെന്നാണ് കേന്ദ്രത്തിന്റെ മാർഗരേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.