സ്വിഗ്ഗിയും സൊമാറ്റോയും വഴി മദ്യ വിതരണം; കേരളത്തിൽ ഉൾപ്പെടെ പൈലറ്റ് പ്രോജക്ട് പരിഗണനയിൽ
text_fieldsന്യൂഡൽഹി: കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ സ്വിഗ്ഗി, സൊമാറ്റോ, ബിഗ്ബാസ്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ ഓൺലൈൻ ഡെലിവറി ആപ്പുകൾ മുഖേന മദ്യം ഉപഭോക്താക്കളുടെ വീടുകളിലേക്ക് എത്തിക്കാനുള്ള പദ്ധതി പരിഗണിക്കുന്നതായി റിപ്പോർട്ട്. തുടക്കത്തിൽ ബിയർ, വൈൻ ഉൾപ്പെടെ വീര്യം കുറഞ്ഞ മദ്യമാകും ഇത്തരത്തിൽ വിതരണം ചെയ്യുക. കേരളത്തിനു പുറമെ ഡൽഹി, പഞ്ചാബ്, ഹരിയാന, ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും പൈലറ്റ് പ്രോജക്ടിന് തയാറെടുക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ മദ്യം വിതരണം ചെയ്യുന്നതിന്‍റെ ഗുണങ്ങളും വെല്ലുവിളികളും പരിശോധിച്ച ശേഷമാകും തുടർ നടപടികളെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെയും മദ്യ നിർമാതാക്കളുടെയും അഭിപ്രായം സംസ്ഥന സർക്കാരുകൾ ചോദിച്ചതായാണ് വിവരം. വലിയ നഗരങ്ങളിൽ, വീര്യംകുറഞ്ഞ മദ്യത്തോടുള്ള കാഴ്ചപ്പാട് മാറിയതാണ് നീക്കത്തിനു പിന്നിൽ. മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രായമായവർക്കും സ്ത്രീകൾക്കും മദ്യക്കടകളിൽ നേരിട്ടു പോയി മദ്യം വാങ്ങേണ്ടിവരില്ലെന്നതും ഹോം ഡെലിവറിക്കായി വാദിക്കുന്നവർ പറയുന്നു. നിലവിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും മാത്രമാണ് മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്നത്.
ഓൺലൈൻ ഡെലിവറി നടത്തുമ്പോൾ കൃത്യമായി പണമിടപാടുകളും പ്രായമുൾപ്പെടെയുള്ള വിവരങ്ങളും ലഭിക്കുമെന്ന് ഡെലിവറി ആപ്പുകൾ അവകാശപ്പെടുന്നു. എക്സൈസ് നിയമപ്രകാരമുള്ള സമയങ്ങളിൽ മാത്രമാകും ഡെലിവറി നടത്തുക. ഡ്രൈഡേയും പ്രാദേശിക നിയന്ത്രണങ്ങളും കൃത്യമായി പാലിച്ചു കൊണ്ടാവും വിതരണം. കോവിഡ് ലോക്ക്ഡൗണിനിടെ, മഹാരാഷ്ട്ര, ഝാർഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നിവിടങ്ങളിൽ നിയന്ത്രണ വിധേയമായി ഓൺലൈൻ ഡെലിവറി അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.