പിഞ്ചുകുഞ്ഞിന് കടലുകടന്ന് മരുന്നെത്തിച്ച് എസ്.വൈ.എസ്
text_fieldsബംഗളൂരു: ബംഗളൂരുവിലുള്ള ഏഴുമാസം പ്രായമായ കുഞ്ഞിന് ദുബൈയിൽ നിന്ന് മരുന്ന് എത്തിച്ച് നൽകി ‘എസ്.വൈ.എസ് സാന്ത്വന’ത്തിെൻറ ജീവകാരുണ്യ പ്രവർത്തനം. ഇന്ത്യയിൽ എവിടെയും മരുന്ന് ലഭിക്കാതിരുന്നതോടെയാണ് അന്വേഷണം ദുബൈയിൽ എത്തിച്ചേർന്നത്. രാജ്കുമാർ- കിരൺകുമാരി ദമ്പതികളുടെ മകൻ റയാൻ എന്ന പിഞ്ചുകുഞ്ഞിനാണ് അപസ്മാരത്തിനുള്ള മുരന്ന് എത്തിച്ചുനൽകാൻ എസ്.വൈ.എസ് മെഡിക്കൽ എമർജൻസി ടീം ഇടപെട്ടത്. കൊൽക്കത്ത സ്വദേശിയായ രാജ്കുമാറും കുടുംബവും കഴിഞ്ഞ 12 വർഷമായി ബംഗളൂരുവിലാണ് താമസം. ബംഗളൂരുവിൽ റസ്റ്റാറൻറ് നടത്തുകയാണ് രാജ്കുമാർ.
അസുഖമുള്ള കുഞ്ഞിനെ മണിപ്പാൽ ആശുപത്രിയിലാണ് ചികിത്സിക്കുന്നത്. ലോക്ഡൗൺ തുടങ്ങിയതോടെ ആശുപത്രിയിലും കർണാടകയിൽ എവിടെയും കുഞ്ഞിനുള്ള മരുന്ന് കിട്ടാതായി. ഇവരുടെ ബന്ധു ബംഗളൂരുവിലെ കോവിഡ് ഹെൽപ് ഡെസ്കിൽ വിവരം അറിയിക്കുകയും അവർ തൃശൂർ കലക്ടറേറ്റിൽ ബന്ധപ്പെടുകയുമായിരുന്നു. കലക്ടറേറ്റിൽനിന്ന് എസ്.വൈ.എസ് സംസ്ഥാന സാന്ത്വനം സെക്രട്ടറി എസ്. ശറഫുദ്ധീനെ ബന്ധപ്പെടുകയും അദ്ദേഹം മരുന്ന് എത്തിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
തുടർന്ന് എസ്.വൈ.എസ് സാന്ത്വനം നാഷനൽ ഡെസ്ക് കോഒാഡിനേറ്റർ ശരീഫ് ബംഗളൂരു, നാഗ്പൂർ, പുണെ, ഡൽഹി എന്നിവിടങ്ങളിൽ എല്ലാം ഈ മരുന്നിനായി അന്വേഷണം നടത്തിയെങ്കിലും എവിടെയും സ്റ്റോക്കുണ്ടായിരുന്നില്ല. തുടർന്ന് ദുബൈയിലെ ഐ.സി.എഫ്, ആർ.എസ്.സി സംഘടനകൾ വഴിയും അന്വേഷണം നടത്തി. സാന്ത്വനം വളൻറിയറായ റഈസ് മരുന്ന് വാങ്ങി വിമാനം വഴി കൊച്ചിയിൽ എത്തിക്കുകയായിരുന്നു. എസ്.വൈ.എസ് വളൻറിയർമാർ മരുന്ന് തലപ്പാടി അതിർത്തിയിൽ എത്തിക്കുകയും തുടർന്ന് കർണാടക എസ്.വൈ.എസ് കമ്മിറ്റി ബംഗളൂരുവിലെത്തിക്കുകയും ചെയ്തു. ബംഗളൂരു ജില്ല എസ്.വൈ.എസ് പ്രസിഡൻറ് ബശീർ സഅദി മരുന്ന് രാജ്കുമാറിന് കൈമാറി. വിദേശരാഷ്ട്രങ്ങളിൽ കഴിയുന്ന നിരവധി രോഗികൾക്ക് ഇതിനകം എസ്.വൈ.എസ് സാന്ത്വനം വഴി മരുന്നുകൾ എത്തിച്ചുകഴിഞ്ഞു. ആദ്യഘട്ട ലോക്ഡൗൺ ആരംഭിച്ച ദിവസം മുതൽ എസ്.വൈ.എസ് വളൻറിയർമാർ അവശ്യസേവനങ്ങളുമായി സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.