ലാൻഡിങ് സംവിധാനം തകരാറിലായി: വിമാനം സുരക്ഷിതമായി ഇറക്കി എയർ ഇന്ത്യ പൈലറ്റ്
text_fieldsന്യൂയോര്‍ക്ക്: പ്രതികൂല കാലാവസ്ഥയിൽ ലാൻഡിങ് സംവിധാനം തകരാറിലായ എയർ ഇന്ത്യ വിമാനം സുരക്ഷിതമായി താഴെയിറക്കി വൻ ദുരന്തം ഒഴിവാക്കി. ഇന്ത്യയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ എയര്‍ ഇന്ത്യയുടെ ബോയിങ് 777-300 വിമാനമാണ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിമാനത്തിൽ 370 യാത്രക്കാരാണുണ്ടായിരുന്നത്.
സെപ്റ്റംബര്‍ 11 നാണ് സംഭവം നടന്നത്. എ.ഐ 101 എന്ന വിമാനം പ്രതികൂല കാലാവസ്ഥയില്‍ പെട്ട് ലാന്‍ഡിങ്ങിന് സഹായിക്കുന്ന ഉപകരണങ്ങള്‍ തകരാറിലായതാണ് പ്രതിസന്ധിയുണ്ടാക്കിയത്. ഇറങ്ങാൻ സാധിക്കാതെ വിമാനം ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ലാൻഡിങ്ങിന് കഴിയാതെ 38 മിനിറ്റാണ് വിമാനം വിമാനത്താവളത്തിന് മുകളിൽ പറന്നത്.
വിമാനത്തില്‍ ഇന്ധനം കുറവായതിനാൽ അധികനേരം ഇത്തരത്തിൽ തുടരാനും കഴിയുമായിരുന്നില്ല. തുടര്‍ന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ റസ്റ്റം പാലിയ ന്യൂയോര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ തകരാറിലായതിനാൽ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ലാന്‍ഡിങ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ എയര്‍ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചു.
തുടർന്ന് റണ്‍വേ വ്യക്തമായി കാണുന്നതിനായി പൈലറ്റ് 400 അടിയിലേക്ക് വിമാനം താഴ്ത്തുകയും യന്ത്രസഹായങ്ങളൊന്നുമില്ലാതെ മനുഷ്യ സാധ്യമായ മാർഗങ്ങളും കണക്കുകൂട്ടലുകളുമുപയോഗിച്ചാണ് പൈലറ്റ് വിമാനം സുരക്ഷിതമായി ഇറക്കുകയും ചെയ്തു. പ്രതികൂല കാലവസ്ഥയെ തുടർന്ന് ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നെവാര്‍ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പൈലറ്റ് വിമാനം ഇറക്കിയത്. സംഭവത്തെക്കുറിച്ച് എയര്‍ ഇന്ത്യ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.