രാജ്യത്തെ സംവിധാനങ്ങളല്ല, മോദി സർക്കാറാണ് പരാജയപ്പെട്ടത് -സോണിയ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാർ നടപടികളെയും വിമർശിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇന്ത്യക്ക് നിലവിൽ വിഭവങ്ങൾ യഥേഷ്ടമുണ്ട്. എന്നാൽ, മോദി സർക്കാർ അവ ക്രിയാത്മകമായി വിനിയോഗിക്കുന്നതിൽ പരാജയപ്പെട്ടു. അതിനാൽ തന്നെ രാജ്യത്തിന്‍റെ സംവിധാനങ്ങളല്ല മോദിയാണ് പരാജയപ്പെട്ടതെന്നും സോണിയ കുറ്റപ്പെടുത്തി. ഓണ്‍ലൈനായി ചേർന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയയുടെ പരാമർശം.
മോദി സര്‍ക്കാറിന്‍റെ കഴിവില്ലായ്മ കൊണ്ട് രാജ്യം തകർന്നു കൊണ്ടിരിക്കുകയാണ്. നമ്മള്‍ സേവനത്തിലൂടെ സ്വയം സമര്‍പ്പിക്കേണ്ട സമയമാണിത്. ഈ യുദ്ധം സര്‍ക്കാറുമായല്ല, കോവിഡുമായാണ്. പ്രതിസന്ധിയെ നേരിടാന്‍ ശാന്തവും കഴിവുറ്റതും ദീര്‍ഘ വീക്ഷണവുമുള്ള ഒരു നേതൃത്വം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
നാം നടത്തിയ ആശയവിനിമയങ്ങളോട് സർക്കാർ അർഥവത്തായ രീതിയിലല്ല പ്രതികരിച്ചതെന്നും പ്രധാനമന്ത്രിക്ക് മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയും എഴുതിയ കത്തുകളെ പരാമര്‍ശിച്ച് കോൺഗ്രസ് അധ്യക്ഷ പറഞ്ഞു.
സൗജന്യ വാക്‌സിൻ നല്‍കുന്നതിന് ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയിട്ടും മോദി സര്‍ക്കാര്‍ വാക്‌സിനുകള്‍ വാങ്ങുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളെ സമ്മര്‍ദ്ദത്തിലാക്കി. മോദി സര്‍ക്കാറിന്‍റെ വിവേചനപരമായ വാക്‌സിനേഷന്‍ നയം ദശലക്ഷക്കണക്കിന് ദലിതര്‍, ആദിവാസികള്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ദരിദ്രര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവരെ വാക്‌സിനേഷനില്‍ നിന്ന് മാറ്റിനിര്‍ത്തുമെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.