കോടതി ഉത്തരവ് ലംഘിച്ച് മീരാറോഡിൽ ടി. രാജയുടെ വിദ്വേഷ പ്രസംഗം
text_fieldsമുംബൈ: കോടതി ഉത്തരവ് ലംഘിച്ച് മീരാറോഡിൽ തെലങ്കാനയിലെ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിന്റെ വിദ്വേഷ പ്രസംഗം. അയോധ്യയിലെ പ്രാണപ്രതിഷ്ഠ ചടങ്ങിനുമുമ്പ് വർഗീയ സംഘർഷമുണ്ടായ മീരാറോഡിൽ രാജയുടെ പൊതുപരിപാടിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സകൽ ഹിന്ദു സമാജ് സംഘടിപ്പിച്ച പരിപാടിക്ക് പിന്നീട് ബോംബെ ഹൈകോടതിയാണ് അനുമതി നൽകിയത്.
വിദ്വേഷ പ്രസംഗം പാടില്ലെന്നു പറഞ്ഞും പൊലീസിനോട് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടുമാണ് കോടതി അനുമതി നൽകിയത്. വിദ്വേഷ പ്രസംഗം നടത്തില്ലെന്ന് രാജ പൊലീസിന് രേഖാമൂലം ഉറപ്പുനൽകണമെന്നും നിർദേശിച്ചു. എന്നാൽ, ഞായറാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ രാജ മുസ്ലിംകളെ ഉന്നമിട്ടാണ് സംസാരിച്ചത്. രാജയുടെ പ്രസംഗം മുഴുവനായി വിഡിയോവിൽ പകർത്തിയതായി പറഞ്ഞ പൊലീസ് പ്രഥമദൃഷ്ട്യാ രാജ ഉത്തരവ് ലംഘിച്ചതായും അറിയിച്ചു. സൂക്ഷ്മ പരിശോധനക്കുശേഷം നിയമോപദേശം തേടുമെന്നും ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
മറാത്ത ചക്രവർത്തി ശിവജിയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മുസ്ലിംകൾക്കെതിരെ രാജ വിദ്വേഷ പരാമർശം നടത്തിയത്. ഹിന്ദുരാഷ്ട്രത്തിനായി ശ്രമിക്കാനും ജിഹാദ്, മതപരിവർത്തനം, ഗോവധം എന്നിവക്കെതിരെ പൊരുതാനും രാജ അണികളോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.