വിധിയോട് അറപ്പ് മാത്രമാണ് തോന്നുന്നത്; ചീഫ് ജസ്റ്റിസിനെ രൂക്ഷമായി ആക്രമിച്ച് നടി തപ്സി പന്നു
text_fieldsമുംബൈ: ബലാത്സംഗക്കേസ് പ്രതിയോട് അതിജീവിതയെ വിവാഹം ചെയ്യാമോയെന്ന് ചോദ്യമുന്നയിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയ്‌ക്കെതിരെ വ്യാപക വിമർശനം. പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 16 വയസ്സുകാരിയെ 12 തവണ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയോടാണ് കോടതി ഇങ്ങനെ ചോദിച്ചത് എന്നതാണ് വിചിത്രമായ കാര്യം. ഇത് പരിഹാരമാണോ അതോ ശിക്ഷയാണോ എന്ന് നടി തപ്സി പന്നു ചോദിച്ചു.
'ആ പെണ്‍കുട്ടിയോട് ആരെങ്കിലും ഈ ചോദ്യം ചോദിച്ചിരുന്നോ, തന്നെ പീഡിപ്പിച്ചവനെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടോയെന്ന്? എങ്ങനെ ഇങ്ങനെ ചോദിക്കാന്‍ കഴിയുന്നു? ഇത് പരിഹാരമോ അതോ ശിക്ഷയോ? അറപ്പ്, അത് മാത്രമാണ് തോന്നുന്നത്, തികച്ചും അസ്വസ്ഥപ്പെടുത്തുന്നത്.' തപ്‌സി പറഞ്ഞു.
Did someone ask the girl this question ? If she wants to marry her rapist !!!??? Is that a question !!!??? This is the solution or a punishment ? Plain simple DISGUST ! https://t.co/oZABouXLUP
— taapsee pannu (@taapsee) March 1, 2021
പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തിരുന്നത്. ഈ കേസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രതിഭാഗം അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.
ഗായിക സോന മഹോപാത്രയുടെ പ്രതികരണം ഇങ്ങനെ- "ഇത് വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ബലാത്സംഗ ഇരയെ പ്രതി കല്യാണം കഴിക്കുന്നത് പഴയകാലത്തെ ബോളിവുഡ് രീതിയിലുള്ള പരിഹാരമായിരിക്കും, പക്ഷേ എങ്ങനെ സുപ്രീംകോടതിക്ക് ഈ നിലയിലേക്ക് തരംതാഴാൻ കഴിഞ്ഞു?" ഗായിക സോന മഹാപാത്ര ചോദിച്ചു.
വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി 12 തവണ ഇയാള്‍ ബലാത്സംഗം ചെയ്തെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. പെണ്‍കുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെയാണ് വീട്ടുകാര്‍ ഇക്കാര്യം അറിഞ്ഞത്. പൊലീസില്‍ പരാതിപ്പെടാന്‍ കുടുംബം തീരുമാനിച്ചതോടെ പ്രതിയുടെ അമ്മ വീട്ടിലെത്തി പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ മകനുമായുള്ള വിവാഹം നടത്താമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.
അതിനിടെ പ്രതിയുടെ അമ്മ, പ്രതിയും പെണ്‍കുട്ടിയും തമ്മില്‍ അടുപ്പമായിരുന്നുവെന്നും പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധമാണ് ഉണ്ടായതെന്നും സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടുവാങ്ങി. പെണ്‍കുട്ടിയുടെ അമ്മയുടെ ഒപ്പാണ് വാങ്ങിയത്. എന്താണ് സ്റ്റാമ്പ് പേപ്പറില്‍ എഴുതിയിരിക്കുന്നതെന്ന് അറിയാതെ ഒപ്പിട്ട് നല്‍കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ നിരക്ഷരയായ അമ്മ പറഞ്ഞു.
പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും അമ്മയും മകനും പിന്മാറിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. സെഷന്‍സ് കോടതി പ്രതിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കി. പെണ്‍കുട്ടി ബോംബെ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് കോടതി ഉത്തരവിട്ടു. തുടര്‍ന്ന് പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് സുപ്രീംകോടതി വിചിത്ര പരാമര്‍ശം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.