തബ്ലീഗ് സമ്മേളനം: ഉഴപ്പൻ സത്യവാങ്മൂലം നൽകിയ കേന്ദ്രത്തിന് സുപ്രീംകോടതി വിമർശനം
text_fieldsഎ.എസ്. സുരേഷ്കുമാർ
ന്യൂഡൽഹി: ലോക്ഡൗണിന് തൊട്ടുമുമ്പ് ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനം രാജ്യത്ത് കോവിഡ് പരത്തിയെന്ന മട്ടിൽ വർഗീയ ചുവനൽകി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതു സംബന്ധിച്ച ഹരജിയിൽ ഒഴിഞ്ഞുമാറുന്ന വിധം ഉഴപ്പൻ സത്യവാങ്മൂലം നൽകിയ കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
കോവിഡ് വ്യാപനത്തിനു വർഗീയ നിറം നൽകി തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരെ അടച്ചാക്ഷേപിച്ച മാധ്യമസ്ഥാപനങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജംഇയ്യത് ഉലമായെ ഹിന്ദ് അടക്കം സമർപ്പിച്ച ഒരുകൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെയും വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിൽനിന്ന് സത്യവാങ്മൂലം നൽകിയ ജൂനിയർ ഓഫിസറെയുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ നേതൃത്വത്തിലെ മൂന്നംഗ ബെഞ്ച് ശകാരിച്ചത്.
തബ്ലീഗ് സമ്മേളനത്തെക്കുറിച്ച് വസ്തുതാപരമല്ലാത്ത വാർത്തകൾ വന്നിട്ടില്ലെന്നും അത്തരം വാർത്തകൾ നിയന്ത്രിക്കാൻ കഴിയില്ലെന്നുമാണ് സത്യവാങ്മൂലത്തിൽ കേന്ദ്രം ന്യായീകരിച്ചത്.
എന്നാൽ, സർക്കാറിന് യോജിപ്പില്ലായിരിക്കും, പക്ഷേ, മോശമായ വിധത്തിൽ വാർത്ത നൽകിയിട്ടില്ലെന്ന് നിങ്ങൾക്ക് എങ്ങനെ പറയാനാകുമെന്ന് തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ചോദിച്ചു. തബ്ലീഗ് ജമാഅത്തുകാർക്കെതിരെ വ്യാജ വാർത്തകൾ പടച്ചുവിട്ട സംഭവങ്ങൾ ഹരജിയിൽ പറയുന്നത് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
നിങ്ങൾ ഇപ്പോൾ പെരുമാറുന്നതുപോലെയല്ല സുപ്രീംകോടതിയോട് പെരുമാറേണ്ടത്. ഏതോ ജൂനിയർ ഓഫിസർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നു. ഒഴിഞ്ഞുമാറുന്ന വിധത്തിലുള്ള സത്യവാങ്മൂലമാണ് അത്. മോശം റിപ്പോർട്ടിങ്ങിെൻറ ഉദാഹരണമൊന്നും പരാതിക്കാരൻ നൽകിയിട്ടില്ല എന്നു പറയുന്നു. ഇങ്ങനെ ഒഴിഞ്ഞുമാറുന്ന മറുപടി പോരാ -ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തെറ്റായി വാർത്തകൾ നൽകിയ സംഭവങ്ങളെക്കുറിച്ച് സത്യവാങ്മൂലത്തിൽ പറഞ്ഞേ തീരൂ. അക്കാര്യത്തിൽ എന്തു നടപടി സ്വീകരിച്ചുവെന്നും പറയണം.
അതെല്ലാം ചേർത്ത് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി നേരിട്ട് സത്യവാങ്മൂലം നൽകണം. ഹരജിക്കാർ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളെ എങ്ങനെ കാണുന്നുവെന്ന് സെക്രട്ടറി അറിയിക്കണം. അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങൾ വേണ്ട. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം അടിച്ചമർത്താനാണ് പരാതിക്കാർ ശ്രമിച്ചതെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ള കാര്യം പരാതിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ഏറ്റവും കൂടുതൽ ദുരുപയോഗിക്കപ്പെടുന്ന സ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിനു പുറമെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൻ എന്നിവരുൾപ്പെട്ട ബെഞ്ച് വിഡിയോ കോൺഫറൻസിങ് വഴിയാണ് വാദം കേട്ടത്. കേസ് രണ്ടാഴ്ചക്കുശേഷം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.