താജ് മഹലിനെ 'തേജോമഹാലയ'മാക്കാൻ വീണ്ടും ശ്രമം; ബി.ജെ.പി നിർദേശം ആഗ്ര നഗരസഭയുടെ പരിഗണനക്ക്
text_fieldsന്യൂഡൽഹി: വിഖ്യാത ചരിത്രസ്മാരകമായ താജ്മഹലിനെ 'തേജോമഹാലയ' എന്ന് പേരു മാറ്റണമെന്ന ബി.ജെപി ആവശ്യം ആഗ്ര നഗരസഭയുടെ പരിഗണനക്ക്. താജ്ഗഞ്ച് വാർഡിലെ ബി.ജെ.പി കൗൺസിലർ ശോഭ റാം റാത്തോഡാണ് ഈയൊരു ശിപാർശ നഗരസഭക്ക് മുമ്പാകെ വെച്ചത്. കൗൺസിൽ യോഗം അനിശ്ചിതമായി പിരിഞ്ഞതിനാൽ, ബി.ജെ.പിയുടെ ശിപാർശയിൽ എന്ത് നിലപാട് എടുക്കണമെന്ന് നഗരസഭ പിന്നീട് തീരുമാനിക്കും.
രാജാ ജയ്സിങ്ങിന് കീഴിലുള്ളതായിരുന്നു താജ്മഹലെന്നാണ് ശോഭ റാം റാത്തോഡ് അവകാശപ്പെടുന്നത്. മുഗൾ ചക്രവർത്തി ഷാജഹാൻ ഇത് പിടിച്ചെടുക്കുകയായിരുന്നു. ഒരു ശവകുടീരമാണ് ഇതെങ്കിൽ, എങ്ങിനെയാണ് അതിനെ മഹൽ എന്ന് വിളിക്കുക. ഷാജഹാന്‍റെ ഭാര്യയുടെ പേര് ചരിത്രപുസ്തകത്തിൽ പറയുന്നത് പോലെ മുംതസ് എന്നല്ലെന്നും അർജുമന്ദ് ബാനു എന്നാണെന്നും ഇയാൾ നഗരസഭക്ക് നൽകിയ പ്രൊപ്പോസലിൽ അവകാശപ്പെടുന്നു.
'ഷാജഹാന്‍റെ ഭാര്യ താജ്മഹൽ ഉണ്ടാക്കുന്നതിന് 22 വർഷം മുമ്പാണ് മരിച്ചത്. ബുർഹാൻപൂരിൽ അർജുമന്ദ് ബാനുവിന് ശവകുടീരമുണ്ട്. രണ്ട് ദശാബ്ദം എങ്ങിനെയാണ് ചക്രവർത്തിയുടെ ഭാര്യയുടെ ശവം സൂക്ഷിച്ചത്. ഇതെല്ലാം മെനഞ്ഞുണ്ടാക്കിയ കഥകളാണ്. താജ്മഹൽ ശവകുടീരമാണെന്നത് ചരിത്രകാരനായ പി.എൻ. ഓക്കിന്‍റെ പുസ്തകത്തിൽ നിഷേധിക്കുന്നുണ്ട്. താജ്മഹൽ 'തേജോ മഹാലയ' എന്ന ഹിന്ദു ക്ഷേത്രമാണെന്നാണ് ഓക്ക് പറയുന്നത്. ഇത് ഷാജഹാൻ പിടിച്ചടക്കി താജ് മഹൽ ആക്കുകയായിരുന്നു' -പ്രൊപ്പോസലിൽ പറയുന്നു.
നഗരസഭ കൗൺസിലിൽ മറ്റ് കാര്യങ്ങളെ ചൊല്ലിയുള്ള ബഹളം കാരണം തന്‍റെ ശിപാർശ പരിഗണനക്കെടുത്തില്ലെന്നും അനിശ്ചിതമായി പിരിഞ്ഞിരിക്കുകയാണെന്നും കൗൺസിലർ പറഞ്ഞു. അടുത്ത യോഗത്തിൽ പരിഗണിക്കുമെന്ന് മേയർ ഉറപ്പുനൽകിയിട്ടുണ്ട്. ശിപാർശ അംഗീകരിക്കുമെന്ന് ഉറപ്പാണ് -ശോഭ റാം റാത്തോഡ് പറഞ്ഞു.
എന്നാൽ, താജ്മഹൽ ഹിന്ദു ക്ഷേത്രമാണെന്ന സ്വയംപ്രഖ്യാപിത ചരിത്രകാരനായിരുന്ന പി.എൻ. ഒാക്കിന്‍റെ വാദങ്ങൾ നേരത്തെ കോടതി തള്ളിയതാണ്. ഹിന്ദു രാജാവാണ് താജ് മഹൽ പണിതത് എന്ന അവകാശ വാദം അംഗീകരിക്കണമെന്ന ഒാക്കിന്‍റെ ഹരജി 2000ൽ സുപ്രീംകോടതി തള്ളിയിരുന്നു.
താജ്മഹലിലെ അടച്ചിട്ട 22 മുറികൾ തുറക്കണമെന്ന ഹരജി ഇക്കഴിഞ്ഞ മേയിൽ അലഹാബാദ് െെഹകോടതി തള്ളിയിരുന്നു. ഹരജിക്കാരനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു കോടതി. അടച്ചിട്ട മുറികളിൽ ഹിന്ദു െെദവങ്ങളുടെ സാന്നിധ്യം പരിശോധിക്കണമെന്ന ആവശ്യവുമായി ബി.ജെ.പിയുടെ സമൂഹമാധ്യമ ചുമതലയുള്ള രജനീഷ് സിങ് ആയിരുന്നു കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.