തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ അഞ്ച് വരെ അറസ്റ്റ് ചെയ്യാനാകില്ല; സ്റ്റേ നീട്ടി
text_fieldsന്യൂഡൽഹി: ബി.ജെ.പി നേതാവും യുവമോർച്ച ദേശീയ സെക്രട്ടറിയുമായ തേജീന്ദർപാൽ ബഗ്ഗയെ ജൂലൈ അഞ്ച് വരെ അറസ്റ്റ് ചെയ്യാനാകില്ല. ബഗ്ഗയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനുള്ള പഞ്ചാബിലെ മൊഹാലി ജില്ലാ കോടതി ഉത്തരവിലുള്ള സ്റ്റേ നീട്ടി. കേസിലെ തുടർ നടപടി നിർത്തിവെക്കാൻ പഞ്ചാബ് - ഹരിയാന ഹൈകോടതി ഉത്തരവിട്ടു.
മേയ് 10 വരെ ബഗ്ഗക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പിന്നീട് ബഗ്ഗ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സ്റ്റേ നീട്ടിയിരിക്കുന്നത്. കേസിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ പഞ്ചാബ് സർക്കാർ 10 ദിവസത്തെ സമയം ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ ഔദ്യോഗിക വസതിക്കു മുമ്പിൽ മാർച്ച് 30ന് ബി.ജെ.പി യൂത്ത് വിങ് നടത്തിയ പ്രതിഷേധത്തിനിടെ നടത്തിയ വർഗീയ പരാമർശത്തെ തുടർന്നാണ് ഏപ്രിൽ ഒന്നിന് ബഗ്ഗക്കെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തത്. പലതവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
അറസ്റ്റിലായ ബഗ്ഗയെ ഹരിയാന, ഡൽഹി പൊലീസ് ഇടപെട്ട് മോചിപ്പിച്ചിരുന്നു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ മോചിപ്പിച്ച രാഷ്ട്രീയപ്രേരിതമായ പൊലീസ് നടപടി നടകീയ സംഭവങ്ങൾക്ക് വഴിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.