താജ്മഹലിൽ നമസ്കാരത്തിന് വിലക്ക് : ചരിത്രത്തിലാദ്യം
text_fieldsന്യൂഡൽഹി: മുഗൾ ഭരണത്തിെൻറ ആസ്ഥാനമായിരുന്ന ആഗ്രയിലെ താജ്മഹലിൽ പുരാവസ്തു വകുപ്പ് നമസ്കാരത്തിന് വിലക്കേർപ്പെടുത്തിയത് അസാധാരണ നീക്കമെന്ന് ആക്ഷേപം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് താജ്മഹൽ സമുച്ചയത്തിലെ മസ്ജിദിൽ നമസ്കാരം നിർത്തലാക്കപ്പെടുന്നത്. ഇതിെൻറ ഭാഗമായി ഇവിടെ വിശ്വാസികൾ അംഗശുദ്ധി വരുത്തിയിരുന്ന ജലസംഭരണി കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിരുന്നു. ഇനി നമസ്കാരം പാടില്ലെന്ന് മസ്ജിദ് ഇമാമായ മൗലാന സാദിഖിനെ അധികൃതർ അറിയിക്കുകയും ചെയ്തു.
പുരാവസ്തു വകുപ്പിെൻറ നീക്കത്തിൽ കടുത്ത എതിർപ്പ് അറിയിച്ച ജംഇയ്യതുൽ ഉലമാ ഹിന്ദ് വിലക്കു നീക്കാൻ ഏതറ്റംവരെയും പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിെൻറ ഭാഗമായി സംഘടന പ്രതിനിധി ജില്ല കലക്ടറെ സന്ദർശിച്ച് വിഷയത്തിെൻറ ഗൗരവം ഉണർത്തിയിരുന്നു. നമസ്കാരം നിർത്തലാക്കുന്നത് മതത്തിനുമേലുള്ള കൈയേറ്റമാണെന്ന് ജംഇയ്യത്ത് വക്താവ് കുറ്റപ്പെടുത്തി.
താജ്മഹലിനോടു ചേർന്ന് വലതുവശത്തായി ഷാജഹാൻ ചക്രവർത്തിയാണ് പ്രാർഥനക്കായി പള്ളി സ്ഥാപിക്കുന്നത്. ഏറെയായി നമസ്കാരം നിലനിൽക്കുന്ന ഇവിടെ ഇമാമിനെ നിയമിച്ച് പേരിനെങ്കിലും ശമ്പളവും പുരാവസ്തു വകുപ്പ് നൽകിവരുന്നുണ്ട്. മൗലാന സാദിഖ് ഇമാമായി നിയമിക്കപ്പെടുന്നത് 2011ലാണ്. അതിനുമുമ്പ് 50 വർഷത്തോളം അദ്ദേഹത്തിെൻറ പിതാവായിരുന്നു ഇൗ പദവി വഹിച്ചിരുന്നത്. ഇതര നാട്ടുകാർ സ്ഥലത്ത് വെള്ളിയാഴ്ച പ്രാർഥന നിർവഹിക്കുന്നതിന് നേരേത്ത കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിെൻറ മറവിലാണ് സമ്പൂർണ വിലക്കിന് നീക്കം. 400 വർഷമായി ആരാധന തുടരുന്ന മസ്ജിദിനെ പരിസര ഗ്രാമമായ താജ്ഗഞ്ച് ഉൾപ്പെടെ നാടുകളിലുള്ളവർ ഏറെയായി ആശ്രയിച്ചുവരുന്നുണ്ട്. താജ്മഹലിനു സമീപം വ്യാപാരം നടത്തുന്നവരാണ് നാട്ടുകാരിലേറെയും. ഇവർക്ക് ആരാധന നിഷേധിക്കപ്പെടുന്നതിന് തുല്യമാകും വിലക്കെന്നാണ് പരാതി.
താജ്മഹലിെൻറ പേരുമാറ്റാനും പൂജ നടത്തി പ്രശ്നം സൃഷ്ടിക്കാനും ശ്രമം നടത്തുന്ന ചിലരുടെ അജണ്ടയാണ് പുതിയ നീക്കത്തിനു പിന്നിലെന്ന് പ്രദേശവാസിയായ ആസിഫ് ഖാൻ പറഞ്ഞു. സുരക്ഷപ്രശ്നം പറഞ്ഞ് നേരത്തെ താജ്മഹലിെൻറ ദക്ഷിണ ഭാഗത്തെ കവാടം അടച്ചുപൂട്ടിയത് ഇതിെൻറ ഭാഗമായി കാണണം. ഇൗ ഭാഗത്ത് പ്രവർത്തിച്ച നിരവധി കടകൾ ഇതോടെ പൂേട്ടണ്ടിവന്നിരുന്നു. മൂന്നു പ്രവേശന കവാടങ്ങളുണ്ടായിരുന്നത് ഇപ്പോൾ ഒന്നായി ചുരുങ്ങി. ഇനി താജ്മഹലിൽ പൂജക്കുകൂടി അനുമതി സർക്കാർ നൽകുമെന്ന് ഭയക്കുന്നതായി നാട്ടുകാർ പറയുന്നു.
കഴിഞ്ഞ ആഴ്ചയാണ് പുരാവസ്തു വകുപ്പിലെ അങ്കിത് നാംദേവ് എത്തി അംഗ സ്നാനത്തിന് ഉപയോഗിക്കുന്ന വാടർ ടാങ്ക് അടച്ചുപൂട്ടുന്നത്. പള്ളി പരിപാലിച്ചുവരുന്ന ഇബ്റാഹിം സെയ്ദി അന്വേഷിച്ചപ്പോൾ ജൂലൈയിലെ സുപ്രീംകോടതി ഉത്തരവ് പ്രകാരമാണെന്നായിരുന്നു മറുപടി. ഇൗ ഉത്തരവു പോലും തങ്ങൾ കണ്ടിട്ടില്ലെന്നും പുറംനാട്ടുകാരെ വിലക്കുന്നതാണ് ഇൗ ഉത്തരവെന്ന് സൂചനയുണ്ടെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം, പള്ളിയിൽ വെള്ളിയാഴ്ച നമസ്കാരം മുടക്കിയിട്ടില്ലെന്നാണ് പുരാവസ്തു വകുപ്പിെൻറ വിശദീകരണം. പെരുന്നാൾ നമസ്കാരവും റമദാനിലെ പ്രേത്യക നമസ്കാരവും അനുവദിക്കും. എന്നാൽ, പള്ളിയുടെ 500 മീറ്റർ പരിധിയിലുള്ളവർക്ക് നേരത്തെ പ്രേത്യക പാസ് അനുവദിച്ച് നിയന്ത്രിച്ചിരുന്നത് ഇപ്പോൾ പ്രത്യേകമായി വിലക്ക് കൊണ്ടുവരാനുള്ള കാരണം തേടുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.