ശൈത്യകാല അവധി മുതലെടുത്ത് ആകാശക്കൊള്ള
text_fieldsപഴയങ്ങാടി: ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധിക്കാലം മുൻനിർത്തി വിമാനക്കമ്പനികളുടെ ആകാശക്കൊള്ള. ഡിസംബർ എട്ട് മുതൽ ജനുവരി രണ്ടുവരെ യു.എ.ഇ യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശൈത്യകാല അവധി മുതലെടുത്താണ് ഈ റൂട്ടിൽ വിമാന യാത്ര നിരക്ക് നാലിരട്ടിയിലേറെ എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള വിമാനക്കമ്പനികൾ വർധിപ്പിച്ചത്. യു.എ.ഇ കേരള റൂട്ടിൽ ഏറ്റവും കൂടുതൽ സർവിസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇയിൽനിന്ന് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഡിസംബർ രണ്ടും മൂന്നും വാരങ്ങളിലെ യാത്രാനിരക്ക് മൂന്നും നാലുമിരട്ടിയായി വർധിപ്പിച്ചു.
ജനുവരി എട്ടിനു അവധിക്കാലം കഴിഞ്ഞ് യു.എ.ഇയിലേക്ക് മടങ്ങുന്ന പ്രവാസി കുടുംബങ്ങളെ ലക്ഷ്യമിട്ട് സംസ്ഥാനത്തുനിന്ന് യു.എ.ഇയിലെ എല്ലാ വിമാനത്താവളങ്ങളിലുമുള്ള ടിക്കറ്റു നിരക്കുകൂടി മൂന്നും നാലും ഇരട്ടി എയർ ഇന്ത്യ എക്സ്പ്രസ്സടക്കമുള്ള വിമാന കമ്പനികൾ വർധിപ്പിച്ചതോടെ ഗൾഫ് വിമാന യാത്രക്കാർ ദുരിതത്തിലായി. വൻതുക നൽകി നാട്ടിലേക്കുള്ള യാത്ര ഉറപ്പിച്ച പ്രവാസി കുടുംബങ്ങൾ നാട്ടിൽനിന്ന് തിരിച്ച് അബൂദബി, ദുബൈ, ഷാർജ വിമാനത്താവളങ്ങളിലേക്ക് മടങ്ങാനും ഭീമമായ നിരക്ക് നൽകണമെന്ന ദുരവസ്ഥയാണ്.
ഈ കാലയളവിൽ യു.എ.ഇയിൽനിന്ന് നാട്ടിലേക്കും തിരിച്ചും ഒരാളുടെ യാത്രക്ക് 60000 രൂപ മുതൽ 76000 രൂപവരെ നൽകേണ്ടിവരും. നാലംഗ കുടുംബത്തിന് നാട്ടിലെത്തി തിരിച്ചുപോകാൻ മൂന്നു ലക്ഷത്തിലധികം രൂപ യാത്രനിരക്കായി മാത്രം നൽകേണ്ടിവരും. ദുബൈയിൽനിന്ന് കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് ഡിസംബർ എട്ടു മുതൽ 22 വരെയുള്ള തീയതികളിൽ 32880 രൂപ മുതൽ 42617 രൂപ വരെയാണ് ഏക യാത്രക്ക് എയർ ഇന്ത്യ എക്സ്പ്രസ് ഈടാക്കുന്നത്. ഡിസംബർ 15ന് ദുബൈയിൽനിന്ന് കണ്ണൂരിലേക്ക് പറക്കണമെങ്കിൽ ഒരാൾക്ക് 42617 രൂപ നൽകണം. ഷാർജ, അബൂദബി എയർപോർട്ടുകളിൽനിന്ന് കേരളത്തിലെ എയർപോർട്ടുകളിലേക്ക് ഡിസംബർ രണ്ടും മൂന്നും വാരങ്ങളിൽ 31907 രൂപ മുതൽ 42117 രൂപ വരെയാണ് യാത്രാനിരക്ക്.
കണ്ണൂർ, കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിൽനിന്ന് ദുബൈ, അബൂദബി, ഷാർജ വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യണമെങ്കിൽ ഡിസംബർ 26 മുതൽ ജനുവരി എട്ടുവരെയുള്ള കാലയളവുകളിൽ ഏക യാത്രക്ക് 35555 രൂപ മുതൽ 44037 രൂപ വരെയാണ് വിമാന ടിക്കറ്റ് നിരക്ക്. വിദ്യാഭ്യാസ അവധിക്കാലം മുതലെടുത്ത് കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ആകാശക്കൊള്ളക്കെതിരെ പ്രതിഷേധം കൂടുതൽ കനക്കുകയാണ്. എയർ ഇന്ത്യ എക്സ്പ്രസ്, ടാറ്റയുടെ അധീനതയിലായതോടെ ഗൾഫ് റൂട്ടിൽനിന്ന് കേരളത്തിലേക്കുള്ള ലഗേജ് 30 കിലോവിൽനിന്ന് 20 ആക്കി കുറച്ചു. 30 കിലോ ലഗേജിന് പ്രത്യേക നിരക്ക് ഈടാക്കി ടിക്കറ്റ് നൽകുന്നതും രണ്ട് മുതൽ 12 വയസ്സുവരെയുള്ള കുട്ടികളുടെ യാത്രനിരക്ക് മുതിർന്നവർക്ക് സമാനമാക്കിയതും വ്യാപക പ്രതിഷേധമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.