സർക്കാർ നൽകിയ നഷ്ടപരിഹാരത്തിന്റെ ഇരട്ടി കൊടുക്കാം; മകന്‍റെ ജീവൻ തിരികെ വേണമെന്ന് ലഖിംപൂരിൽ കൊല്ലപ്പെട്ട യുവാവിന്‍റെ പിതാവ്
text_fieldsലഖ്നോ: ലഖിംപൂർ ഖേരി സംഘർഷത്തിൽ കൊല്ലപ്പെട്ട മകന്‍റെ ജീവൻ തിരിച്ചു നൽകുകയാണെങ്കിൽ യു.പി സർക്കാറിന്‍റെ നഷ്ടപരിഹാരത്തിന്റെ ഇരട്ടി നൽകാമെന്ന് യുവാവിന്‍റെ പിതാവ്. ആക്രമണത്തിൽ കൊല്ലപ്പെട്ട 19കാരന്‍റെ പിതാവ് സത്നാം സിങ്ങാണ് യു.പി സർക്കാറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്. മകന്‍റെ ജീവൻ തിരികെ നൽകുകയാണെങ്കിൽ യു.പി സർക്കാർ നഷ്ടപരിഹാരമായി നൽകിയ 45 ലക്ഷത്തിന് പകരം 90 ലക്ഷം നൽകാമെന്ന് സത്നാം സിങ്ങ് പറഞ്ഞു.
അവൻ എന്‍റെ ഏക മകനാണ്. അവന്‍റെ ജീവൻ തിരികെ നൽകുകയാണെങ്കിൽ സർക്കാർ നഷ്ടപരിഹാരമായി നൽകിയ തുകയുടെ ഇരട്ടി കൊടുക്കാൻ തയാറാണ്. ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട ലവ്പ്രീത് സിങ്ങിന്‍റെ പിതാവ് പറഞ്ഞു. ആരുടെ പണമാണ് ഇത്തരത്തിൽ നഷ്ടപരിഹാരമായി നൽകുന്നത്. നികുതിദായകരുടെ പണമാണ് ഇത്തരത്തിൽ നൽകുന്നത്. ആദ്യം നിങ്ങൾ ഞങ്ങളുടെ കുട്ടികളെ കൊന്നു. ഇപ്പോൾ ഞങ്ങളുടെ പണമെടുത്ത് നഷ്ടപരിഹാരം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങൾക്ക് ഞങ്ങളുടെ വേദന മനസിലാവുകയാണെങ്കിൽ കേന്ദ്രമന്ത്രിയുടെ മകനെ ശിക്ഷിക്കാൻ തയാറാവണം. മന്ത്രിയുടെ മകനെ തൂക്കിലേറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവസാന ശ്വാസം വരെ മകന്‍റെ നീതിക്കായി പോരാടും. മകന്‍റെ മരണവാർത്ത അറിഞ്ഞതിന് ശേഷം അവന്‍റെ അമ്മ ഭക്ഷണം കഴിച്ചിട്ടില്ല. വാഹനമോടിക്കുേമ്പാൾ തെരുവ് പട്ടികൾ വന്നാൽ പോലും നാം വാഹനം നിർത്തും. എന്നാൽ, ആ പരിഗണന പോലും മകന് ലഭിച്ചില്ലെന്നും സത്നാം സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.