‘എന്റെ വാക്കുകൾ തിരിച്ചെടുക്കുന്നു’; ബി.ജെ.പിയും തള്ളിപ്പറഞ്ഞതോടെ മാപ്പ് പറഞ്ഞ് തടിയൂരി കങ്കണ
text_fieldsന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന് പിൻവലിച്ച മൂന്ന് കാർഷിക പരിഷ്കരണ നിയമങ്ങളും തിരികെ കൊണ്ടുവരണമെന്ന പ്രസ്താവനയെ ബി.ജെ.പിയും തള്ളിപ്പറഞ്ഞതോടെ മാപ്പ് പറഞ്ഞ് തടിയൂരി നടിയും എം.പിയുമായ കങ്കണ റണാവത്ത്. അത് തന്റെ വ്യക്തിപരമായ നിലപാടായിരുന്നെന്നും വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കുകയാണെന്നും മാപ്പ് പറയുകയാണെന്നും മാണ്ഡി എം.പി അറിയിച്ചു.
കങ്കണയുടെ അഭിപ്രായത്തെ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. ‘കേന്ദ്രസർക്കാർ പിൻവലിച്ച കാർഷിക നിയമങ്ങളെ കുറിച്ചുള്ള ബി.ജെ.പി എം.പി കങ്കണ റണാവത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് കങ്കണയുടെ വ്യക്തിപരമായ പ്രസ്താവന മാത്രമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ബി.ജെ.പിക്ക് വേണ്ടി ഇത്തരമൊരു പ്രസ്താവന നടത്താൻ കങ്കണക്ക് അധികാരമില്ല. കാർഷിക നിയമങ്ങളെ കുറിച്ച് പാർട്ടിയുടെ കാഴ്ചപ്പാട് ഇതല്ല. കങ്കണയുടെ പ്രസ്താവനയെ അപലപിക്കുന്നു’ -എന്നിങ്ങനെയായിരുന്നു ഗൗരവ് ഭാട്ടിയ പറഞ്ഞത്.
ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോടാണ് കങ്കണ അഭിപ്രായപ്രകടനം നടത്തിയത്. തന്റെ പ്രസ്താവന വിവാദമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് സംസാരിക്കുന്നതെന്നും മൂന്ന് കാർഷിക നിയമങ്ങളും തിരികെ കൊണ്ടുവരണം എന്നാണ് തന്റെ നിലപാടെന്നും അവർ പറഞ്ഞിരുന്നു. കാർഷിക നിയമങ്ങൾ കർഷകർക്ക് ഗുണം ചെയ്യും, സമരം ചെയ്തത് ചില സംസ്ഥാനത്ത് നിന്നുള്ള ആളുകൾ മാത്രമാണ് തുടങ്ങിയ പരാമർശങ്ങളും അവർ നടത്തിയിരുന്നു. കർഷക സമരം ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭത്തിന് സമാനമായ സ്ഥിതി ഇന്ത്യയിലുണ്ടാക്കാൻ വേണ്ടി സൃഷ്ടിച്ചതാണെന്ന ആരോപണവും അവർ ഉന്നയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.