തലക്കാവേരി മണ്ണിടിച്ചിൽ: നഷ്ടപരിഹാര തുക നൽകുന്നതിനെ ചൊല്ലി വിവാദം
text_fieldsബംഗളൂരു: തലക്കാവേരിയിലെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ക്ഷേത്ര പൂജാരി നാരായണ ആചാറിെൻറയും ഭാര്യ ശാന്ത ആചാറിെൻറയും രണ്ട് പെൺമക്കൾക്ക് സാേങ്കതിക തടസ്സം കാരണം നഷ്ട പരിഹാര തുക ഏറ്റുവാങ്ങാനായില്ല. സർക്കാർ അനുവദിച്ച ചെക്കിൽ പരാമർശിച്ച പേര് മാറിയതാണ് കാരണം. ഇരുവരും മതം മാറിയതിനാൽ പുതിയ പേരിലാണ് ബാങ്ക് അക്കൗണ്ടുള്ളതെന്നും അപകടവുമായി ബന്ധപ്പെട്ട് തയാറാക്കിയ എഫ്.െഎ.ആറിൽ പരാമർശിച്ച ഇരുവരുടെയും പഴയ പേര് പ്രകാരമാണ് ചെക്ക് അനുവദിച്ചതെന്നും അധികൃതർ പറഞ്ഞു. അതേസമയം, മതംമാറിയ ഇരുവർക്കും നഷ്ടപരിഹാരം നൽകരുതെന്ന് ആവശ്യപ്പട്ട് കാവേരി സേന എന്ന സംഘടന രംഗത്തുവന്നു.
ആഗസ്റ്റ് അഞ്ചിന് അധരാത്രിയോടെയാണ് തലക്കാവേരി ബ്രഹ്മഗിരി കുന്നിന് സമീപത്തെ ഗജഗിരി കുന്നിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരി നാരായണ ആചാർ, ഭാര്യ ശാന്ത ആചാർ, സഹോദരൻ ആനന്ദ തീർഥ സ്വാമി, ക്ഷേത്രത്തിലെ സഹായികളായ രവികിരൺ ഭട്ട്, ശ്രീനിവാസ ഭട്ട് എന്നിവരെ കാണാതായിരുന്നു. ന്യുസിലൻഡിലും ആസ്ട്രേലിയയിലുമായി കഴിയുകയായിരുന്ന നാരായണ ആചാറിെൻറ രണ്ട് പെൺമക്കൾ വിവരമറിഞ്ഞ് കുടകിലെത്തിയിരുന്നു. വിമാനത്താവളത്തിൽനിന്ന് ഇവരെ കുടകിലെത്തിച്ച ടാക്സി ഡ്രൈവർക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇരുവരും ക്വാറൻറീനിലായി..
തലക്കാവേരിയിലെത്തിയ നാരായണ ആചാറിെൻറ പെൺമക്കൾ മാതാപിതാക്കളെ കാണാനില്ലെന്ന് ബാഗമണ്ഡല പൊലീസിൽ പരാതി നൽകിയിരുന്നു. നമിത ആചാർ, ശാരദ ആചാർ എന്നീ പേരുകളിലാണ് ഇരുവരും പരാതി നൽകിയത്. ഇതുപ്രകാരം എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതിനിടെ ദേശീയ ദുരന്ത നിവാരണയും സംസ്ഥാന ദുരന്ത നിവാരണ സേനയും നടത്തിയ തെരച്ചിലിൽ ദിവസങ്ങൾക്കുശേഷം നാരായണ ആചാർ, ആനന്ദ ീർഥ, രവികിരൺ ഭട്ട് എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ശാന്ത ആചാർ, ശ്രീനിവാസഭട്ട് എന്നിവരെ കണ്ടെത്താനാവാതെ കുടുംബാംഗങ്ങളുടെ സമ്മതപ്രകാരം മൂന്നാഴ്ചക്കുശേഷം തെരച്ചിൽ അവസാനിപ്പിച്ചു. മരിച്ചവർക്കായി കുടുംബാംഗങ്ങൾ അന്ത്യകർമങ്ങൾ നടത്തുകയും ചെയ്തു. ഇത് പ്രത്യേക കേസായി പരിഗണിച്ച് മരണപ്പെട്ടവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച നഷ്ടപരിഹാരം നൽകണമെന്ന് കുടക് ഡെപ്യുട്ടി കമ്മീഷണർ ആനീസ് കൺമണി ജോയ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ ഉത്തരവിനെ തുടർന്ന് മടിക്കരി തഹസിൽദാർ അനുവദിച്ച അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കുടക് ജില്ലാ ചുമതലയുള്ള മന്ത്രി വി. സോമണ്ണ പൂജാരിയുടെ മക്കൾക്ക് ൈകമാറി.
എന്നാൽ, 20 വർഷം മുമ്പ് തങ്ങൾ വിവാഹിതരായി മതം മാറിയതാണെന്നും നമിത നസ്റത്ത് (നമിത ആചാർ), ഷെനോൺ ഫെർണാണ്ടസ് (ശാരദ ആചാർ) എന്നീ പുതിയ പേരുകളിലാണ് തങ്ങളുടെ ബാങ്ക് അക്കൗണ്ട് എന്നതിനാൽ സർക്കാർ അനുവദിച്ച ചെക്ക് മാറാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുവതികൾ ഡെപ്യുട്ടി തഹസിൽദാറെ സമീപിച്ചു. പുതിയ പേരുകളിൽ ചെക്ക് അനുവദിക്കണമെന്നായിരുന്നു ആവശ്യം. പഴയ രേഖകൾ പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കാനും സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തിന് മക്കൾ അർഹരാണെങ്കിൽ അനുവദിക്കാനും ഡെപ്യൂട്ടി കമ്മീഷണർ ആനീസ് കൺമണി ജോയ് ഡെപ്യുട്ടി തഹസിൽദാർക്ക് നിർദേശം നൽകുകയും ചെയ്തു.
മരണപ്പെട്ട ആനന്ദതീർഥയുടെ മകൾ സുശീലക്ക് നഷ്ടപരിഹാരമായി 2.5 ലക്ഷം രൂപ അനുവദിച്ചതിനെ യുവതികൾ എതിർത്തിരുന്നു. വർഷങ്ങളായി ആനന്ദ തീർഥ തങ്ങളുടെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നതെന്നും നഷ്ടപരിഹാരത്തിന് തങ്ങളാണ് അർഹരെന്നും അവർ വാദിച്ചു. ഇതോടെ നിയമപരമായ രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ടപരിഹാരം കൈമാറാമെന്ന് ഡെപ്യുട്ടി കമ്മീഷണറും മറുപടി നൽകി.
എന്നാൽ, നഷ്ടപരിഹാരം പൂജാരിയുടെ മക്കൾക്ക് നൽകുന്നതിനെതിരെ കാവേരി സേന രംഗത്തെത്തി. നഷ്ടപരിഹാരം പെൺമക്കൾക്ക് കൈമാറിയാൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. പെൺമക്കളിൽ ഒരാൾ ക്രിസ്ത്യാനിയും രണ്ടാമത്തെയാൾ മുസ്ലിമുമായി മതം മാറിയതിനാൽ നഷ്ടപരിഹാരത്തിന് അർഹരല്ലെന്നും ജനിച്ച മതം ഉപേക്ഷിച്ച അവർക്ക് നഷ്ടപരിഹാരം നൽകരുതെന്നും സേന നേതാവ് രവി ചെംഗപ്പ ആവശ്യപ്പെട്ടു.
എഫ്.െഎ.ആറിൽ പേരുള്ളവർക്കാണ് നഷ്ടപരിഹാരം നൽകേണ്ടത്. എഫ്.െഎ.ആറിലെ പേര് തിരുത്തി നഷ്ടപരിഹാരം സ്വീകരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും ഡെപ്യുട്ടി കമ്മീഷണർ യുവതികളെ സഹായിക്കാൻ ശ്രമിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. നാരായണ ആചാറിെൻറ പേരിൽ ഗജഗിരി കുന്നിലുള്ള ഏക്കർ കണക്കിന് ഭൂമിയുടെ അനന്തരാവകാശികളും പെൺമക്കളാണെന്നിരിക്കെ എഫ്.െഎ.ആറിലെ പിഴവ് ഇതുസംബന്ധിച്ച തർക്കത്തിനും വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.