ത്വലാഖെ ഹസൻ: മുൻഗണന ഭരണഘടന സാധുതക്കല്ല, ഇരകളുടെ ആശ്വാസത്തിന്
text_fieldsന്യൂഡൽഹി: ഇസ്ലാമിക ശരീഅത്ത് അനുവദിച്ച 'ത്വലാഖെ ഹസൻ' എന്ന വിവാഹമോചന രീതിയുടെ ഭരണഘടന സാധുതയേക്കാൾ സുപ്രീംകോടതിയുടെ ശ്രദ്ധ ഹരജിക്കാർക്ക് ആശ്വാസം നൽകുന്നതിലാണ് എന്ന് സുപ്രീംകോടതി. 'ത്വലാഖെ ഹസൻ' നിരോധിച്ച് എല്ലാ സ്ത്രീകൾക്കും ഏക വിവാഹ മോചന രീതി ആവശ്യപ്പെട്ട് ഹരജി നൽകിയ ബേനസീർ ഹീന, നസ്റീൻ നിഷ എന്നിവരുടെ അഭിഭാഷകരെയാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെ മൂന്ന് ശുദ്ധികാലം കണക്കാക്കി മൂന്ന് മാസമെടുക്കുന്ന ഘട്ടം ഘട്ടമായുള്ള വിവാഹമോചനമാണ് 'ത്വലാഖെ ഹസൻ'. ഒന്നാം മാസം ആദ്യ മൊഴി ചൊല്ലലും രണ്ടാം മാസം രണ്ടാം മൊഴി ചൊല്ലലും മൂന്നുമാസം കഴിഞ്ഞാൽ മൂന്നാമത്തെയും അവസാനത്തെ മൊഴി ചൊല്ലലുമാണ് ഈ രീതി. ഇത് ഭരണഘടനാപരമാണോ എന്ന കാര്യം പരിശോധിക്കുന്നതിനുമുമ്പ് ഇരയാക്കപ്പെട്ട ഹരജിക്കാരികൾ നേരിടുന്ന പ്രശ്നമാണ് കോടതി പരിഗണിക്കുകയെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ്. ഓഖ എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
രണ്ടു പേരാണ് ഇപ്പോൾ കോടതിക്ക് മുന്നിലുള്ളത്. അവരുടെ ആവശ്യം എന്താണെന്ന കാര്യത്തിലാണ് കോടതിയുടെ ശ്രദ്ധ. അവശേഷിക്കുന്ന പ്രശ്നം എന്താണെന്ന് പിന്നീട് സുപ്രീംകോടതി നോക്കുമെന്നും ഹരജിക്കാരികളായ ബേനസീർ ഹീനയോടും നസ്റീൻ നിഷയോടും സുപ്രീംകോടതി പറഞ്ഞു. ഇരയെന്ന നിലയിലുള്ള പ്രശ്നപരിഹാരമാണ് ഹരജിക്കാർക്ക് വേണ്ടത്. വലിയ പ്രശ്നത്തിലേക്ക് കടക്കുമ്പോൾ ചിലപ്പോൾ ഹരജിയുമായെത്തിയവരുടെ ആവശ്യം അതിനിടയിൽ പരിഗണിക്കപ്പെടാതെ പോകുമെന്നും ജസ്റ്റിസ് കൗൾ ചൂണ്ടിക്കാട്ടി.
തുടർന്ന് ഇരുവരുടെയും ഭർത്താക്കന്മാർക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാനായി ഒക്ടോബർ 11ലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.