അഫ്ഗാനിസ്താനിൽ മൂന്നു ദിവസത്തിനുള്ളിൽ സർക്കാർ രൂപവത്കരിക്കുമെന്ന് താലിബാൻ
text_fieldsപെഷാവർ: അഫ്ഗാനിസ്താനിൽ മൂന്നു ദിവസത്തിനുള്ളിൽ സർക്കാർ രൂപവത്കരിക്കുമെന്ന് താലിബാൻ. മതപണ്ഡിതനായ മുല്ല ഹിബത്തുല്ല അഖുൻസാദ പരമോന്നത നേതാവാകും. ഇറാൻ മാതൃകയിൽ രാഷ്ട്രീയ, മത, സൈനിക കാര്യങ്ങളിൽ പരമോന്നത നേതാവിേൻറതായിരിക്കും അവസാന വാക്ക്. പുതിയ സർക്കാറിലെ മന്ത്രിമാരെക്കുറിച്ചും ധരണയായതായി താലിബാൻ വാർത്തവിനിമയ, സാംസ്കാരിക വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുഫ്തി ഇനാമുല്ല സമൻഗാനി അറിയിച്ചു.
പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിെൻറ പദവി. താലിബാെൻറ ശക്തികേന്ദ്രമായ കാന്തഹാറായിരിക്കും 60കാരനായ അഖുൻസാദയുടെ ആസ്ഥാനം. സൈനിക, സർക്കാർ, നിയമ വിഭാഗം തലവന്മാരെ നിയമിക്കുന്നത് പരമോന്നത നേതാവായിരിക്കും. ദേശീയ ഗാനം, ദേശീയ പതാക എന്നിവയിൽ തീരുമാനമായിട്ടില്ല. പ്രവിശ്യകളുടെ നിയന്ത്രണം ഗവർണർമാർക്കായിരിക്കും.
ജില്ലകളിലും ഗവർണർമാരുണ്ടാകും. പ്രവിശ്യകളിലും ജില്ലകളിലും താലിബാൻ ഗവർണർമാരെയും പൊലീസ് മേധാവികളെയും നിയമിച്ചിട്ടുണ്ട്.അതേസമയം, പുതിയ സർക്കാറിൽ വനിതകളും അഫ്ഗാനിലെ എല്ലാ ഗോത്രവിഭാഗക്കാരുമുണ്ടാകുമെന്ന് താലിബാൻ ഉപമേധാവി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി ദോഹയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ, കഴിഞ്ഞ 20 വർഷത്തിനിടെ അഫ്ഗാൻ സർക്കാറിെൻറ ഭാഗമായിരുന്നവർ പുതിയ ഭരണത്തിലുണ്ടാകില്ല. യൂറോപ്യൻ യൂനിയൻ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളുമായി സൗഹൃദബന്ധമാണ് ആഗ്രഹിക്കുന്നത്. കാബൂളിലെ ഹാമിദ് കർസായി വിമാനത്താവളം രണ്ടു ദിവസത്തിനുള്ളിൽ തുറക്കും. യാത്ര രേഖകളുള്ളവരെ രാജ്യം വിടാൻ അനുവദിക്കും.
വിമാനത്താവളം പുനർ നിർമിക്കാൻ 25 മുതൽ 30 ദശലക്ഷം ഡോളർവരെ ചെലവു വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.